പത്തനംതിട്ട : മൂന്ന് ദിവസമായി ഗവിയിൽ ടൂറിസം മേഖലയിലെ തൊഴിലാളികൾ തുടരുന്ന സമരം ഒത്തുതീർപ്പിലേക്ക്. ആങ്ങമൂഴി പൊലീസ് സ്റ്റേഷനിൽ തൊഴിലാളി പ്രതിനിധികളും കെ.എഫ്.ഡി.സി മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ചർച്ചയെ തുടർന്ന് സമരം പിൻവലിക്കുന്നതിന്റെ സൂചനയായി ഗവി ഇക്കോ ടൂറിസം കവാടത്തിൽ തൊഴിലാളി യൂണിയനുകൾ കെട്ടിയ കൊടികൾ അഴിച്ചുമാറ്റി. ഇന്ന് പത്തനംതിട്ട ലേബർ ഓഫീസിൽ തൊഴിലാളി യൂണിയൻ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടക്കും.
ടൂറിസം മേഖലയിൽ നിന്ന് 42 തൊഴിലാളികളെ പെട്ടന്ന് തൊട്ടം മേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ പണിമുടക്കിയത്. സമരം ഗവി ടൂറിസത്തെ ബാധിച്ചതിനെ തുടർന്ന് അധികൃതർ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഇന്ന് ലേബർ ഓഫീസിൽ നടക്കുന്ന ചർച്ചയിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. സി.ഐ.ടി.യു, ഐ.എൻ.ടി.യു,സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കിയത്.
മൺസൂൺ സീസണായതിനാൽ അപകടം ഒഴിവാക്കാൻ ട്രക്കിംഗ് പാതയിലെ മരങ്ങൾ മുറിച്ചു മാറ്റുക, തൊഴിലാളികൾക്ക് പാമ്പു കടിയേൽക്കാതിരിക്കാൻ ഷൂസ് നൽകുക, മഴക്കോട്ട് നൽകുക, അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചതിന് മാനേജ്മെന്റ് പകപോക്കൽ നടത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളെ പെട്ടന്ന് ടൂറിസം മേഖലയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
ടൂറിസ്റ്റുകൾ കുറയുമ്പോൾ ഈ മേഖലയിലെ തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റുന്നത് പതിവാണെന്ന് കെ.എഫ്.ഡി.സി അധികൃതർ പറയുന്നു. സമരം മൂലം ടൂറിസം മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, സമരം ടൂറിസത്തെ ബാധിച്ചിട്ടില്ലെന്ന് തൊഴിലാളികൾ വാദിക്കുന്നു. വന്ന ടൂറിസ്റ്റുകൾക്ക് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |