പ്രമാടം : അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന പൂങ്കാവ് ഡിപ്പോയിൽ ഒരുവർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വീണ്ടും ഈറ്റ എത്തിയത് കർഷകർക്കും പരമ്പരാഗത തൊഴിലാളികൾക്കും ജീവനക്കാർക്കും ആശ്വാസമായി. കഴിഞ്ഞ ദിവസം ഈറ്റ ലോഡ് എത്തിയതോടെ ഡിപ്പോയുടെ പ്രവർത്തനം വീണ്ടും സജീവമാകും. വനംവകുപ്പ് വർക്ക് പ്ളാൻ പുതുക്കി നൽകിയിട്ടും അധികൃതരുടെ അനാസ്ഥയെ തുടർന്ന് ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഈറ്റ ഡിപ്പോ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിൽ 25ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ബാംബു കോർപ്പറേഷന്റെ എ ക്ളാസ് മാതൃകാ ഡിപ്പോയാണ് പൂങ്കാവിലേത്. പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള തോലുഴം, ശാസ്താംകോട്ട, താമരക്കുളം ഡിപ്പോകളുടെ പ്രവർത്തനം മുടക്കമില്ലാതെ നടന്നിരുന്നെങ്കിലും പൂങ്കാവ് ഡിപ്പോ ഒരു വർഷമായി അടച്ചുപൂട്ടൽ ഭീഷണി നേരിടുകയായിരുന്നു. മറ്റ് ഡിപ്പോകളെ അപേക്ഷിച്ച് മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവിൽ ലഭിക്കുന്നത്. സമീപ ജില്ലകളിൽ നിന്നുവരെ ആവശ്യക്കാരും ഏറെയാണ്. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഡിപ്പോയുടെ പ്രവർത്തനം.
കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസം
വെറ്റിലക്കൊടി കർഷകർക്ക് കൊടി പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് ഈറ്റ ഉപയോഗിച്ചാണ്. പൂങ്കാവിലെ ഈറ്റ ക്ഷാമം ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വെറ്റില കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
കുട്ട, വട്ടി, പരമ്പ്, കൂടകൾ, കരകൗശല വസ്തുകൾ തുടങ്ങിയ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലായിരുന്നു. ഡിപ്പോ ജീവനക്കാരും ഒരു വർഷമായി ജോലി ഇല്ലാതെ നട്ടംതിരിയുകയായിരുന്നു. ഈറ്റ എത്തിയതോടെ ഇവരുടെ പ്രതിസന്ധികൾക്കാണ് പരിഹാരമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |