കോന്നി : തണ്ണിത്തോട് മൂഴിയിൽ കടുവയെ കണ്ട സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഇന്നലെ കടുവയുടെ ദൃശ്യങ്ങൾ ലഭ്യമായില്ല. ശനിയാഴ്ച രാത്രി തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘമാണ് കടുവയെ കണ്ടത്. കോന്നി തണ്ണിത്തോട് വനപാതയിലെ തണ്ണിത്തോട് മൂഴിക്ക് സമീപം ഇന്റർലോക്ക് കട്ടകൾ പാകിയ റോഡിലെ ഭാഗത്താണ് കടുവയെ കണ്ടത്. കല്ലാറിന്റെ ഭാഗത്തുനിന്ന് റോഡിലേക്ക് ഓടിയെത്തിയ കടുവ മറുഭാഗത്ത് തിട്ടയിലേക്ക് ചാടി കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് റോഡിലെ ഉയരം കുറഞ്ഞ ഭാഗത്തെ തിട്ടയിലൂടെ വനത്തിലേക്ക് കയറുകയായിരുന്നു. കടുവയെ കണ്ട ഭയന്ന് പൊലീസുകാർ വാഹനം നിറുത്തി ടോർച്ച് തെളിച്ചു കടുവ വനത്തിലേക്ക് കയറിയെന്ന് ഉറപ്പുവരുത്തിയിരുന്നു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശിവപ്രസാദ്, സിവിൽ പൊലീസ് ഓഫീസർ ശരത് ചന്ദ്രൻ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
കോന്നി - തണ്ണിത്തോട് വനപാതയിലൂടെ സഞ്ചരിക്കുന്ന രാത്രി യാത്രക്കാർ ജാഗ്രത പുലർത്തണം. വന്യമൃഗങ്ങളെ പരിസരത്ത് കണ്ടാൽ വാഹനങ്ങൾ നിറുത്തി ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കരുത്. രാത്രിയും പുലർച്ചയും ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണം.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റജികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |