പത്തനംതിട്ട : പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ ലാബ് ഉടമയെ പത്തനംതിട്ട പൊലീസ് പിടികൂടി. ഓമല്ലൂർ ആറ്റരികം ചെറിയമംഗലത്ത് വീട്ടിൽ അജിത് സി.കോശി (57) ആണ് അറസ്റ്റിലായത്. കൈപ്പട്ടൂരിലുള്ള ആസ്റ്റർ ലാബിന്റെ ഉടമയായ ഇയാൾക്കെതിരെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടിലും പിതാവിന് വിദേശത്തുമാണ് ജോലി. പ്രതിയുടെ അതിക്രമം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു. ഇക്കാര്യം നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചു വച്ചതിന് ഇവരെ പൊലീസ് കേസിൽ രണ്ടും മൂന്നും പ്രതികളാക്കി. കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈമാസം 17 വരെയുള്ള കാലയളവിലാണ് അതിക്രമം നടന്നത്.
പ്രതി ലാബിൽ വച്ച് കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. വിവരം മാതാപിതാക്കളെ അറിയിച്ചപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നു. മേലിൽ ആവർത്തിക്കില്ല എന്ന് ഉറപ്പു നൽകി. പിന്നീട് മാതാപിതാക്കളുടെ അറിവോടെ പ്രതി കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങികൊടുത്തു. ഈ ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയയ്ക്കുകയും വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. ഇക്കാര്യവും പെൺകുട്ടി അമ്മയോട് പറഞ്ഞെങ്കിലും നിയമപാലകരെ അറിയിക്കാതെ ഇയാളെ താക്കീത് ചെയ്യുകയായിരുന്നു.
അതിക്രമം തുടർന്നതോടെ വിവരം കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചു. ക്ലാസ് ടീച്ചർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ വൺ സ്റ്റോപ്പ് സഖി സെന്ററിൽ എത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കേസെടുത്ത പൊലീസ് പ്രതിയുടെ ഫോൺ വിവരങ്ങളും ലൊക്കേഷനും മനസ്സിലാക്കിയ ശേഷം തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതിയിൽ രേഖപ്പെടുത്തി. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ്.എച്ച്.ഓ ബി.എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ്.ഐ കെ.ആർ.രാജേഷ് കുമാർ, സി.പിഓമാരായ രഞ്ജിത്ത്, ബിപിൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |