പത്തനംതിട്ട : പോക്സോ കേസിൽ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി അദ്ധ്യക്ഷൻ എൻ.രാജീവനെ സസ്പെൻഡ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണ് ബാലനീതി ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി നടപടിയെടുത്തത്. സി.പി.എം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗമാണ് എൻ.രാജീവ്. പരാതി ലഭിച്ചതിനെ തുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ അന്വേഷണം നടത്താൻ കളക്ടർ എസ്.പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു.
അഭിഭാഷകൻ പ്രതിയായ കേസിൽ പെൺകുട്ടിയുടെ പരാതികളിൽ നടപടി വൈകിപ്പിച്ചതിനും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനും എഫ്.ഐ.ആർ ഇടുന്നതിനു മുൻപായി പ്രതിക്കും പ്രതിയുടെ അടുത്ത ബന്ധുവിനും അതിജീവിതയെ കമ്മിറ്റി ഓഫീസിൽ സന്ദർശിക്കുന്നതിനും സാഹചര്യമൊരുക്കി, പീഡന വിവരം യഥാസമയം പൊലീസിൽ അറിയിക്കുന്നതിന് വൈകി എന്നിവയാണ് സസ്പെൻഷന്റെ കാരണങ്ങളിലൊന്ന്. അറുപതോളം പേർ പ്രതിയായ പീഡനക്കേസിൽ പെൺകുട്ടിയുടെ സ്വകാര്യ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകിയെന്ന ആക്ഷേപവും പുറത്താക്കാൻ കാരണമായി.
തനിക്കെതിരായ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എൻ.രാജീവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |