പത്തനംതിട്ട : പോക്സോ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ സസ്‌പെൻഷനിലായ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അദ്ധ്യക്ഷൻ എൻ.രാജീവ് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് രംഗത്ത്. ജില്ലയിലെ കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സംബന്ധിച്ച് മേഖലയിൽ പരമാവധി ഇടപെടലിന് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിറക്കി. 2022 ജൂൺ 23ന് ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കുന്നത്. ഈ ജൂൺ 23ന് കാലാവധി അവസാനിച്ചെങ്കിലും മൂന്ന് മാസക്കാലത്തേക്കോ പുതിയ കമ്മിറ്റി ചുമതലയേൽക്കും വരെയോ കാലാവധി നീട്ടി. 24ന് ആണ് ചെയർമാൻ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തത്.
പ്രവർത്തനങ്ങൾ
ചിറക് ക്യാമ്പയിൻ. ഈ പദ്ധതിക്കായി ഒരുലക്ഷം രൂപ യൂണിസെഫിൽ നിന്ന് അനുവദിച്ചു.
ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിമകളായ കുട്ടികൾക്കായി ഡിജിറ്റൽ ഡീറ്റോക്‌സ് എന്ന കൗൺസിലിംഗ് സംവിധാനം ആരംഭിച്ചു.
17 കുട്ടികളെ നടപടികൾ പൂർത്തീകരിച്ച് ദത്ത് നൽകി. 19കുട്ടികളെ പോറ്റി വളർത്തലിന് നൽകി.
ഒബ്‌സർവേഷൻ ഹോം, ഗർഭാവസ്ഥയിലുള്ളതും ഭിന്നശേഷിയുള്ളതുമായ കുട്ടികളെ സംരക്ഷിയ്ക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള ഹോമുകൾ, തുടർപരിചരണ കേന്ദ്രങ്ങൾ എന്നിവയ്ക്കായി കോഴഞ്ചേരിയിൽ നിർമ്മിത കേന്ദ്രത്തിന്റെ രണ്ടേക്കർ സ്ഥലം ചൈൽഡ് സെക്രട്ടറിയേറ്റ് നിർമ്മിക്കുന്നതിന് ലഭ്യമാക്കാൻ അപേക്ഷ നൽകി.
ഞാൻ ചുമതല എടുക്കുന്നതിന് മുൻപുള്ള വർഷങ്ങളിൽ ബാലവകാശ കമ്മീഷന് നൽകിയിരുന്ന ക്രോഡീകരിച്ച കണക്ക് പ്രകാരം ശരാശരി 300 - 350 പരാതികളാണ് പ്രതിവർഷം ലഭിക്കുകയും പരിഗണിക്കുകയും ചെയ്തതെങ്കിൽ ഇപ്പോഴത് 550 - 600 എണ്ണമായി വർദ്ധിച്ചു. നേരിട്ട് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന പോക്‌സോ കേസുകളുടെ എണ്ണം പ്രതിമാസം 23 എണ്ണം എന്നത് നിലവിൽ 79 എന്ന കണക്കിലാണ്. ബോധവത്ക്കരണവും അനുകൂല സാഹചര്യവും ഒരുക്കുകയും ചെയ്തതിൽ വച്ച് കുട്ടികൾ തങ്ങളുടെ പ്രശ്‌നങ്ങളെ തുറന്ന് പറയുന്നതിനും രക്ഷിതാക്കളും അദ്ധ്യാപകരും വിഷയം റിപ്പോർട്ട് ചെയ്യുന്നതിനും സാദ്ധ്യത കൂടി.
സി.ഡബ്ല്യൂ.സി മുൻ ചെയർമാൻ
എൻ. രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |