പത്തനംതിട്ട : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പത്തനംതിട്ട ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം ഇഴയുന്നു. 2026 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.
ആദ്യഘട്ടം നിർമ്മാണം 5.5 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. രണ്ടാഘട്ടമായി താഴത്തെ നിലയുടെ ഒരു ഭാഗവുംരണ്ടും മൂന്നും നിലകളുടെ നിർമ്മാണവുമാണ് നടത്തേണ്ടത്. ഇതിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ 7 കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. പാറകൾ നിറഞ്ഞ പ്രദേശമായതിൽ സെപ്ടിക്ക് ടാങ്ക് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ശേഷം മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിടുകയായിരുന്നു.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 2018 ആഗസ്റ്റിലാണ് കണ്ണങ്കരയിലെ ജില്ലാ ജയിലിന്റെ പ്രവർത്തനം നിറുത്തുന്നത്. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.
പ്ളാൻ മാറിയത് പണിയായി !
പദ്ധതിയുടെ പ്ലാനിൽ മാറ്റം വരുത്തിയതോടെ നിർമ്മാണം നീണ്ടു പോകുകയായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള അടിത്തറയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായി മഴപെയ്തതോടെ കുഴിയിൽ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇത് നീക്കിയാണ് പണി. മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണ് ഉണ്ടാവുക. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. 13 കോടതികളിൽ നിന്ന് റിമാൻഡ് ചെയ്യുന്നവരെയാണ് ഇവിടെ പാർപ്പിക്കുന്നത്.
ജയിൽ കെട്ടിടം : 82 സെന്റിൽ
വിസ്തീർണം : 5269 സ്‌ക്വയർ മീറ്റർ.
നിർമ്മാണ ചുമതല : പി.ഡബ്ല്യൂ.ഡി ബിൽഡിംഗ്സ് വിഭാഗം
പുതിയ കെട്ടിടത്തിൽ താമസിപ്പിക്കാൻ കഴിയുന്ന തടവുകാരുടെ എണ്ണം: 180
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |