കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിനായി പള്ളിയോടകരകൾ ഒരുങ്ങി. ജൂലായ് 13 മുതൽ ഒക്ടോബർ 2 വരെയാണ് വള്ളസദ്യ നടക്കുക. പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും നേതൃത്വം നൽകും. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളായി 52 പള്ളിയോട കരകൾ വള്ളസദ്യയിൽ പങ്കാളികളാകും. മാലിപ്പുരകളിൽ വിശ്രമത്തിലായിരുന്ന പള്ളിയോടങ്ങൾ നീരണിഞ്ഞുതുടങ്ങി. ഉമയാറ്റുകര, മാലക്കര, ളാക - ഇടയാറൻമുള പള്ളിയോടങ്ങൾ അറ്റകുറ്റപണികൾ തീർത്ത് നീരണിയാൻ തയ്യാറെടുക്കുന്നു. മേലുകര, ആറാട്ടുപുഴ, ഓതറ കുന്നേക്കാട് പുതുക്കിപണികൾ തുടരുന്നു. 13ന് ഓതറ, വെൺപാല, കോഴഞ്ചേരി, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, ളാക - ഇടയാറമുള, കോടിയാട്ടുകര പള്ളിയോടങ്ങൾ നീരണിയും. കെ എസ് ആർ ടി സിയുടെ പഞ്ചപാണ്ഡവ ക്ഷേത്രയാത്രയും അന്നേദിവസം ആരംഭിക്കും. അഞ്ചുക്ഷേത്ര ദർശനങ്ങൾക്കൊപ്പം ആറന്മുള വള്ളസദ്യയിലും പങ്കെടുക്കത്തക്ക വിധമാണ് യാത്രക്രമീകരിച്ചിട്ടുള്ളത്. ദിവസവും നാല് സർവീസുകൾ ഉണ്ടാകും.
15 സദ്യാലയങ്ങൾ
ക്ഷേത്രത്തിനകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വള്ളസദ്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. 400സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. സദ്യ ഒരുക്കങ്ങൾ പൂർത്തിയായതായി ഫുഡ് കമ്മിറ്റി കൺവീനർ എം.കെ.ശശികുമാർ കുറുപ്പ് പറഞ്ഞു. സ്പെഷ്യൽ പാസ് സദ്യകൾ, കെ എസ് ആർ ടി സി സദ്യ എന്നിവ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ആണ് നടക്കും. ഓഗസ്റ്റ് 10 മുതൽ 30 വരെ 20 ദിവസം നീണ്ടു നിൽക്കുന്ന വഞ്ചിപ്പാട്ട് സോപാനം സംബന്ധിച്ച തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.
15 സദ്യ കോൺട്രാക്ടർമാർ
15 സദ്യ കോൺട്രാക്ടർമാരാണ് ഇത്തവണ സദ്യ ഒരുക്കുന്നത്. വിജയൻ നടമംഗലത്ത്, മനോജ് മാധവശേരിൽ, അനീഷ് ചന്ദ്രൻ , സദാശിവൻ പിള്ള, സി കെ ഹരിശ്ചന്ദ്രൻ സോപാനം, വേണുഗോപാൽ, ശ്രീരാജ് ശ്രീവത്സം, ഗീതാകൃഷ്ണൻ വൈഗ, ശശിധരൻ നായർ മനുഭവൻ, കെ കെ രവി, ജിനു ജി നായർ നീലാംബരി, മുരളീധരക്കുറുപ്പ്, നന്ദകുമാർ കേദാരം, അനിൽകുമാർ നയന, ഗോപാലകൃഷ്ണൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |