പത്തനംതിട്ട: ഓമല്ലൂരിൽ സി.പി.എം. ബി.ജെ.പി സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ ഓമല്ലൂർ പറയനാലി തുണ്ടിൽ മേലേതിൽ ടി.അരുൺ (38), തുണ്ടിൽ വടക്കേതിൽ എം.പ്രദീപ് (39), പറയനാലി സ്വദേശി ഷൈജു ബാബു , ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകനായ ഓമല്ലൂർ താന്നിമൂട്ടിൽ അഖിൽ (27), മാതാവ് പ്രസന്നകുമാരി(60) എന്നിവർക്കാണ് പരിക്കേറ്റത്.സി.പി.എം പ്രവർത്തകനായ അരുണിന്റെ തലയ്ക്കാണ് പരിക്ക്, വെട്ടേറ്റ പ്രദീപിന്റെ ഇടതു കൈയ്ക്ക് ഏഴ് തുന്നലുകളുണ്ട്. ഷൈജുവിന് ശരീരത്തിൽ അടികിട്ടിയ പാടുകളുണ്ട്. അഖിലിന്റെ ഇടിപ്പുഭാഗത്താണ് പരിക്ക്, പ്രസന്നകുമാരിയെ സി.പി.എം പ്രവർത്തകർ പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇരുകൂട്ടരും പത്തനംതിട്ട ജനറൽ ചികിത്സ തേടി. അഖിലിന്റെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സി.പി.എം പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തനിലയിലാണ്.
ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
ഹർത്താലുമായി ബന്ധപ്പെട്ട പ്രകടനത്തിന് ശേഷം നാല് ബൈക്കുകളിലായി മടങ്ങിയ എട്ടംഗ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നെന്ന് ബി.ജെ.പി അനുഭാവിയായ അഖിലിന്റെ മാതാവ് പ്രസന്ന കുമാരി പറഞ്ഞു. എന്നാൽ പ്രകടനം കഴിഞ്ഞ് മടങ്ങിയ തങ്ങളെ മുൻവൈരാഗ്യത്തെ തുടർന്ന് കാത്തുനിന്ന അഖിൽ ആക്രമിക്കുകയായിരുന്നു എന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്. സംഭവത്തെ തുടർന്ന് ഇരു പാർട്ടികളിലെയും പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി. ഡിവൈ.എസ്.പി മാരായ ന്യൂമാൻ, ജി.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിൽ ക്യാമ്പുചെയ്യുന്നു.
മുൻ വൈരാഗ്യമെന്ന് സൂചന
ഇരുപക്ഷവും ഓമല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തി. 2023 ൽ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കൊടികെട്ടുന്നത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ , ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണമെന്നാണ് സൂചന. പ്രദേശത്ത് തുടർ സംഘർഷം ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |