പത്തനംതിട്ട : ആറ് മണിക്കൂർ നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് പരക്കംപാഞ്ഞ തെരുവുനായ ഒടുവിൽ ചത്തുവീണു. ഇന്നലെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12.30 വരെ നായ ആക്രമണം തുടർന്നു. നഗരസഭാ പരിധിയിൽ പെരിങ്ങമ്മല , തോണിക്കുഴി, കുമ്പാങ്ങൽ ഭാഗത്തൂടെ ഓടിയ നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വെട്ടിപ്രം സ്വദേശികളായ അജി അസീസ്, ഹുസൈഫ ബീവി, സുനിൽ എന്നിവർക്കാണ് കടുയേറ്റത്. കാലിലും കയ്യിലും അടക്കം പരിക്കേറ്റിട്ടുണ്ട്. വീട്ടിനകത്ത് കയറിയാണ് സ്ത്രീകളെ കടിച്ചത്. കന്നുകാലിക്കും അഞ്ച് വളർത്ത് നായകൾക്കും നിരവധി തെരുവ് നായകൾക്കും കടിയേറ്റു. വഴിയിൽ നിന്ന സ്ത്രീയുടെ സാരി കടിച്ച് പറിച്ചെടുത്തു. റോഡിലൂടെ നടന്നുപോയ ആളുടെ ദേഹത്തേക്ക് ചാടിക്കയറിയെങ്കിലും ഓടി രക്ഷപ്പെട്ടു.
കുട്ടികളടക്കമുള്ള വീട്ടിലേക്ക് പാഞ്ഞു നായ കയറിയെങ്കിലും വാതിലടച്ചതിനാൽ പലരും കടിയേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൽ കയറി കൂട്ടിൽക്കിടന്ന വളർത്ത് നായയെ അടക്കം തെരുവ് നായ ആക്രമിച്ചു. ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. ഒടുവിൽ നായചത്തു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ പേവിഷബാധ സ്ഥിരീക്കാൻ കഴിയുകയുള്ളവെന്ന് അധികൃതർ പറഞ്ഞു. തിരുവല്ലയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |