
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ഇപ്പോൾ അറസ്റ്റിലായവർ മാത്രമല്ല ഇതിനുപിന്നിൽ ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പടെ പങ്കുണ്ടെന്നും ബി.ജെ.പി സംസഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി -ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറി വന്ന ഇടതു വലതു മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും അഴിമതിയും സ്വർണക്കൊള്ളയും നടത്തുന്ന സർക്കാരിനെ വെറുത്തുവെന്നും, ജനങ്ങൾ മാറി ചിന്തിക്കുന്ന സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പളളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് , എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻമാരായ എ.എൻ.രാധാകൃഷ്ണൻ, കെ.പദ്മകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണമേനോൻ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി.തോമസ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ, എൻ.ഡി.എ ജില്ലാ കൺവീനർ ഡോ.എ.വി.ആനന്ദരാജ് എന്നിവർ സംസാരിച്ചു.
ജില്ലയിൽ വിജയം സുനിശ്ചിതം : തുഷാർ വെള്ളാപ്പള്ളി
ജില്ലയിൽ എൻ.ഡി.എ സഖ്യത്തിന് വിജയം സുനിശ്ചിതമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പളളി പറഞ്ഞു. ബിജെപി - ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എൻ.ഡി.എ സഖ്യം പകുതിയോളം ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പകുതിയിൽ കൂടുതൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ഇത്തവണ ഉണ്ടാകുമെന്നും അതിനുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ ജില്ലയിൽ നിലവിലുള്ളതെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |