
പത്തനംതിട്ട: റോഡ് നിയമങ്ങൾ പാലിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ തേടിയെത്തും സമ്മാനങ്ങൾ. മറിച്ചാണേൽ പിഴ സമ്മാനവും ഉറപ്പ്. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റാണ് നിയമം ഫലപ്രദമായി നടപ്പാക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിന് സമ്മാനങ്ങളുമായി രംഗത്തെത്തിയത്.
വാഹന പരിശോധന കർശനമാക്കുന്നതിനൊപ്പം ഇതിലൂടെ അപകടങ്ങൾ കുറയ്ക്കാനും കഴിയും. സീബ്രാ ലൈൻ കടക്കാതെ വാഹനങ്ങൾ നിറുത്തിയിടുക, മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തുകൂടി മാത്രം കാൽനടക്കാർ റോഡ് മുറിച്ചുകടക്കുക, അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇടപെടുക, തുടങ്ങിയ കാര്യങ്ങൾക്കാണ് സമ്മാനം നൽകുന്നത്.
മിഠായി, പേന തുടങ്ങിയ ചെറിയ സമ്മാനങ്ങളാണെങ്കിലും ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് അതൊരു അനുമോദനം കൂടിയാണ്.
യൂണിഫോമിലും അല്ലാതെയും കവലകളിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ വാഹനങ്ങളെയും കാൽനടക്കാരെയും നിരീക്ഷിക്കും. പിന്നാലെ ഉദ്യോഗസ്ഥരുടെ പട്രോളിംഗ് സംഘവും ഉണ്ടാകും. ജില്ലയിലെ വാഹന പരിശോധനയ്ക്ക് അടൂർ താലൂക്കിലാണ് തുടക്കം കുറിച്ചത്.
നിയമം ലംഘിച്ചാൽ കനത്ത പിഴ
പരിശോധന ജില്ല മൊത്തം വ്യാപിപ്പിക്കും
നിയമം തെറ്റിച്ചാൽ കനത്ത പിഴ
റോഡ് അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം
യാത്രക്കാരുടെ സഹകരണം ഉറപ്പാക്കും
റോഡ് നിയമങ്ങൾ എല്ലാവരും പാലിക്കണം
100 പേനകൾ നൽകി
അടൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വാഹന പരിശോധനയിൽ നിയമം പാലിച്ച 100 ഡ്രൈവർമാർക്ക് പേനകൾ നൽകി.
കേസുകൾ 421, പിഴ ₹ 1865420
അടൂർ താലൂക്കിൽ ഒരുദിവസം നടത്തിയ വാഹന പരിശോധനയിൽ 21 ഇനങ്ങളിലായി 421 കേസുകൾ രജിസ്റ്റർ ചെയ്തു. 1865420 രൂപ പിഴയീടാക്കി. ഹെൽമെറ്റും പുകപരിശോധന സർട്ടിഫിക്കറ്റും ഇല്ലാത്ത കേസുകളായിരുന്നു കൂടുതലും.
കേസുകൾ- പിഴത്തുക
ഓവർ ലോഡ്-35, പിഴ ₹ 920000
ഹെൽമെറ്റ്-91, ₹ 54500
പൊല്യൂഷൻ-47, ₹ 94000
ടാക്സ് അടയ്ക്കാത്തത്-40, ₹ 170670
ലൈസൻസ് ഇല്ല-25, ₹ 175000
ഇൻഷ്വറൻസ്-38, ₹ 78000
സീറ്റ് ബെൽറ്റ് ഇടാത്തത്-12, ₹ 6000
റോഡ് സുരക്ഷാ പരിശോധന എല്ലാ താലൂക്കുകളിലും നടത്തും. നിയമം പാലിക്കുന്നവർക്ക് സമ്മാനം നൽകും. ലംഘിക്കുന്നവരോട് വിട്ടുവീഴ്ച കാണിക്കില്ല.
ശ്യാം, ജില്ലാ ആർ.ടി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |