തിരുമൂലപുരത്തെ ബീവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറന്നു ; നിയുക്ത എം.എൽ.എ സ്ഥലത്തെത്തി അടപ്പിച്ചു
തിരുവല്ല : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് അടച്ചിട്ട ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാല ഇന്നലെ തുറന്നതിനെ തുടർന്ന് നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ സ്ഥലത്തെത്തി അടപ്പിച്ചു. തിരുമൂലപുരം ജംഗ്ഷന് സമീപം എം.സി റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ബിൽഡിംഗിൽ ബീവറേജസ് മദ്യവില്പനശാല വീണ്ടും തുടങ്ങാനുള്ള നീക്കമാണ് തടഞ്ഞത്. നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന തിരുമൂലപുരത്ത് തിരക്കേറിയ എം.സി റോഡിനോട് ചേർന്ന് മദ്യവില്പനശാല തുടങ്ങിയതിനെതിരെയാണ് ജനകീയ പ്രതിഷേധമുയർന്നത്. ഇതേതുടർന്ന് അടച്ചിട്ടിരുന്ന മദ്യവില്പനശാലയാണ് ഇന്നലെ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ തുടങ്ങിയത്. ബീവറേജസ് അധികൃതരുടെ നീക്കം അറിഞ്ഞതിനെ തുടർന്ന് അഡ്വ.വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇറക്കിവച്ച മദ്യം തിരികെ ബിവറേജസിന്റെ പുളിക്കീഴ് ഗോഡൗണിലേക്ക് കൊണ്ടുപോയി. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ മദ്യശാല ഇവിടെ ആരംഭിക്കില്ലെന്ന് ഉറപ്പുനൽകിയതാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. നഗരസഭാദ്ധ്യക്ഷ ലേഖ എസ്, കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, സിസ്റ്റർ അലീന, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി.എൻ. രാജേഷ്, പി.എം. അനീർ, തോമസ് മാത്യു, വി.ആർ. രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ,സോജാ എന്നിവർ നേതൃത്വം നൽകി.