ഇനി സ്കൂളിലേക്ക്; വിപണി സജീവം
പത്തനംതിട്ട: സ്കൂൾ തുറക്കാൻ ഇനി ഒന്നര ആഴ്ച മാത്രം. പുത്തൻ ബാഗും കുടയും ബുക്കുമൊക്കെയായി സ്കൂളിലേക്കെത്താനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ. വിപണിയിൽ തിരക്കേറിക്കഴിഞ്ഞു. കുടയും ബാഗുമെല്ലാം കുട്ടികൾക്ക് ആകർഷണം തോന്നുന്ന ചിത്രവും കളറുമൊക്കെയായി വിപണി കീഴടക്കി കഴിഞ്ഞു. കൺസ്യൂമർഫെഡിന്റെ കോന്നിയിലെ ജില്ലാതല സ്റ്റുഡന്റ്സ് മാർക്കറ്റിൽ വൻ വിലക്കുറവിൽ സ്കൂളിലേക്കാവശ്യമായതെല്ലാം ലഭ്യമാണ്. ജില്ലയിലെ ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും സഹകരണ സംഘങ്ങൾ നടത്തുന്ന നീതി സ്റ്റോറുകൾ വഴിയും സ്കൂൾ സൊസൈറ്റികൾ വഴിയും പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാം. ബാഗ്, കുട, നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ, മറ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ത്രിവേണി എന്ന ബ്രാൻഡിൽ കൺസ്യൂമർഫെഡ് പുറത്തിറക്കുന്നനോട്ട് ബുക്കുകളാണ് ഇതിൽ പ്രധാനം. മറ്റ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ പത്തുമുതൽ 60ശതമാനം വരെ വിലക്കുറവിലും ലഭിക്കും നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലെല്ലാം സ്കൂൾ വിപണി സജീവമായി. 300 രൂപ മുതൽ ബാഗുകളും കുടകളും വിപണിയിലുണ്ട്. ബ്രാൻഡഡ് ബാഗുകൾക്ക് വില 3000 രൂപ വരെയാണ്.
ഓൺലൈനിലും വിൽപന തകൃതി
വിലക്കുറവിൽ മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നതിനാൽ ഓൺലൈനിൽ മുമ്പേ തന്നെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുമ്പ് സാധനം വീട്ടിലെത്തുമെന്നതിനാൽ കൂടുതൽ പേരും ഓൺലൈൻ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.
ഉൽപ്പന്നം: വിപണിവില
ബാഗ് (ചെറുത്) 665 - 600
മീഡിയം: 795 -750
വലുത് :735- 655
ക്ലാസ്മേറ്റ് നോട്ട്ബുക്ക് : 20 -100
ഫേബർ കാസ്റ്റൽ പെൻസിൽ (24 എണ്ണം) : 285
പോപ്പി കുട : 620
മഴക്കോട്ട് : 410
ക്രയോൺസ്: 75