ട്രെയിനിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന  പ്രതിയെ വാര്യാപുരത്ത് നിന്ന് പിടികൂടി

Thursday 21 May 2026 12:38 AM IST
സജിത്ത്

പത്തനംതിട്ട : തൃശ്ശൂർ നിന്ന് ഷൊർണൂരേക്കുള്ള യാത്രയ്ക്കിടെ പരശുറാം എക്സ്പ്രസിൽ വച്ച് വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന പ്രതിയെ വാര്യാപുരത്ത് നിന്ന് പിടികൂടി. ആലപ്പുഴ സ്വദേശിയും സ്ഥിരം കുറ്റവാളിയുമായ സജിത്ത് ആണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയായ രാധ (69)യുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് സജിത്ത് പൊട്ടിച്ചെടുത്തത്. കഴിഞ്ഞ ഏപ്രിൽ 23നാണ് സംഭവം. പലതവണ ട്രെയിനിൽ മോഷണം നടത്തിയിട്ടുള്ള ഇയാൾ റെയിൽവെ പൊലീസിന് തലവേദനയായിരുന്നു. സ്ഥിരമായ വിലാസമോ താമസസ്ഥലമോ ഇല്ലാതിരുന്ന ഇയാളെ കണ്ടെത്താൻ റെയിൽവേ പൊലീസ് നന്നേ ബുദ്ധിമുട്ടി. പ്രതി പത്തനംതിട്ട ജില്ലയിലുണ്ടെന്ന് മനസിലാക്കിയ എറണാകുളം റെയിൽവെ പൊലീസ് സ്ഥലത്തെത്തി. ആറന്മുള പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ തിലകന്റെ സഹായത്തോടെ ഇലന്തൂർ വാര്യാപുരം ആലുമ്പാറ ക്ഷേത്രത്തിനു സമീപമുള്ള ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടി. സജിത്തിനെ കണ്ടെത്താൻ സഹായിച്ചതിന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകനെ എറണാകുളം റെയിൽവേ പൊലീസ് സൂപ്രണ്ട് മുഹമ്മദ് നദിമുദീൻ എറണാകുളം റെയിൽവെ പൊലീസ് ആസ്ഥാനത്ത് വച്ച് പ്രശംസ പത്രം നൽകി ആദരിച്ചു. പ്രതിയെ ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി.