എം.എൽ.എ അറിയാൻ, കോന്നിക്ക് കുതിക്കണം
കോന്നി : കോന്നിക്ക് മാറ്റങ്ങൾ ഏറെയുണ്ട്. അടൂർ പ്രകാശും ജനീഷ് കുമാറും മണ്ഡലത്തെ വികസനത്തിന്റെ അടയാളമാക്കി മാറ്റിയതിന് തെളിവാണ് മെഡിക്കൽ കോളേജും ഗതാഗത സൗകര്യങ്ങളും. വികസനങ്ങൾ ഏറെയുണ്ടെങ്കിലും കോന്നിക്ക് ഇനിയും ആവശ്യങ്ങൾ ഏറെയാണ്. ആധുനിക ചികിത്സാസംവിധാനങ്ങൾക്കൊപ്പം മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കും മുതൽക്കൂട്ടാകേണ്ട കോന്നി ഗവ.മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാകാൻ ഇനിയും സർക്കാർ സഹായങ്ങൾ ആവശ്യമാണ്.
മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയോര മേഖലകളിൽ നിരവധി കർഷകർ വനഭൂമിയിൽ കൃഷി ചെയ്തുവരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഒമ്പത് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്.
കോടതി ഇല്ലാത്ത താലൂക്ക്
താലൂക്ക് രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കോന്നിയിൽ കോടതി എന്ന സ്വപ്നം ഇന്നും അവശേഷിക്കുകയാണ്. താലൂക്ക് പരിധിയിൽ വരേണ്ട ഓഫീസുകളുടെ വിവരങ്ങൾ സർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയതിൽ കോടതിയും ഉണ്ടായിരുന്നു.
ആവണിപ്പാറയിൽ പാലം
അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി ഉന്നതി നിവാസികളുടെ ദീർഘകാല ആവശ്യമാണ് അച്ചൻകോവിൽ ആറിന് കുറുകെയുള്ള പാലം. നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തുവെങ്കിലും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തത് പ്രതിസന്ധിയായി.
കെ.എസ്.ആർ.ടി.സി ഡിപ്പോ
സ്ഥലം ഉടമയും സർക്കാരും തമ്മിലെ തർക്കത്തിൽ ഹൈകോടതി ഇടപെട്ടത്തോടെ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ഇവിടെ നിയമപരമായ തടസങ്ങൾ നീക്കേണ്ടതായിട്ടുണ്ട്.
രണ്ടു പാലങ്ങൾ
ഐരവൺ - അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്.
ചിറ്റൂർ കടവ് പാലത്തിന്റെ നിർമ്മാണവും പൂർത്തിയാക്കണം. പൊതുമരാമത്ത് പാലം പണിയുന്നതിന് 12 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.