നഷ്ടമായ 102 മൊബൈൽ ഫോണുകൾ കണ്ടെത്തി
പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായ 102 മൊബൈൽ ഫോണുകൾ സി.ഇ.ഐ.ആർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട സൈബർ പൊലീസിന്റെ മേൽനോട്ടത്തിൽ കണ്ടെത്തി. ഇതിൽ 5000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വില വരുന്ന ഫോണുകളുണ്ട്. 45 ഫോണുകൾ ഇന്നലെ ജില്ലാ പൊലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉടമകൾക്ക് തിരികെ നൽകി. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിതിൻ , സൈബർ സെൽ എ.എസ്.ഐ അനൂപ് മുരളി, സിവിൽ പൊലീസ് ഓഫീസർ അഖിൽ, ചന്ദ്രൻ, ആകാശ് എന്നിവരും പൊലീസ് സ്റ്റേഷനുകളിലെ സി.ഇ.ഐ.ആർ ടീമും ഉൾപ്പെട്ട സംഘമാണ് നഷ്ടപ്പെട്ട ഫോണുകൾ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തി തിരികെ എത്തിച്ചത്. ഫോണുകൾ നഷ്ടപ്പെട്ട് ജില്ലയിൽ പരാതി നൽകിയവരിൽ വിദ്യാർത്ഥികളും സാധാരണക്കാരുമായിരുന്നു കൂടുതൽ. പൊലീസിന്റെ ഇടപെടലിൽ ഫോണുകൾ തിരികെ കിട്ടിയത് ഇവർക്ക് വലിയ ആശ്വാസമായി. ഫോണുകൾ കണ്ടെത്തി തിരികെ എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.