SignIn
Kerala Kaumudi Online
Saturday, 25 April 2026 7.39 AM IST

കളം ഒരുങ്ങുന്നു

Increase Font Size Decrease Font Size Print Page
adoor

എം.എൽ.എമാർ മത്സരിക്കണമെന്ന്

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്

പത്തനംതിട്ട: നിലവിലെ എം.എൽ.എമാർ വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ധനമന്ത്രി തോമസ് എെസക്, കെ.ജെ.തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇൗ അഭിപ്രായമുണ്ടയത്. പട്ടിക സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.

റാന്നിയിൽ രാജു ഏബ്രഹാം, ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ കെ.യു.ജനീഷ് കുമാർ എന്നിവരാണ് ജില്ലയിലെ സി.പി.എം എം.എൽ.എമാർ. തിരുവല്ല സീറ്റ് ജനതാദൾ എസിനും അടൂർ സി.പി.എെയ്ക്കുമാണ് നൽകിയിട്ടുള്ളത്. രണ്ടിടത്തും നിലവിലെ എം.എൽ.എമാരായ മാത്യു ടി.തോമസും ചിറ്റയം ഗോപകുമാറും മത്സരിക്കുമെന്നാണ് സൂചന.

നിലവിലെ മൂന്ന് സീറ്റുകളിലും സി.പി.എം മത്സരിക്കാൻ തീരുമാനിച്ചാൽ ജില്ലയിൽ കേരളകോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റുണ്ടാവില്ല. ഒരു സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് മാണിവിഭാഗം. പാർട്ടിക്ക് സ്വാധീനമുള്ള തിരുവല്ലയാണ് ചോദിച്ചത്. ജനതാദൾ എസ് അവിടം വിട്ടുനൽകാൻ തയ്യാറല്ലെങ്കിൽ റാന്നി വേണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. അഞ്ച് തവണയായി വിജയിച്ചുകൊണ്ടിരിക്കുന്ന സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്. ജയസാദ്ധ്യതയുള്ള നേതാക്കൾ ജില്ലയിലെ മാണി വിഭാഗത്തിൽ ഇല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

കോന്നി കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിൽ

കോന്നി : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോന്നിയിൽ കോൺഗ്രസിനുള്ളിൽ പാളയത്തിൽപട മുറുകുന്നു. അടൂർ പ്രകാശ് എം.പിയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററിനുമെതിരെയാണ് ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്ത് വന്നത്. കോന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി റോബിൻ പീറ്ററിനെ അടൂർ പ്രകാശ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. അടൂർ പ്രകാശിനെതിരെ കോന്നിയിൽ നിന്നുള്ള കെ.പി.സി.സി അംഗം ഉൾപ്പടെ വാർഡ് തല നേതാക്കൾ വരെയുള്ളവർ ഒപ്പിട്ട് കെ.പി.സി.സിക്ക് പരാതി നൽകി. കോന്നിയിൽ കോൺഗ്രസ് പാർട്ടിയുടെ വളർച്ച മുരടിപ്പിച്ച് സ്വന്തം നിലയിൽ അടൂർ പ്രകാശ് വളർന്നുവെന്നും സാമൂഹിക, സാമുദായിക വിരോധം വളർത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. കോന്നിയിൽ ഈഴവ സമുദായത്തിൽപ്പെട്ട ആളെ കോൺഗ്രസ് സ്ഥാനാർത്ഥി ആക്കണമെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം അടൂർ പ്രകാശിനും ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്ററിനുമെതിരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സംരക്ഷണ സമിതിയുടെ പേരിൽ പോസ്​റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, എലിസബേത്ത് അബു, എം.എസ്. പ്രകാശ്, റെജി പൂവത്തൂർ, ഡി.സി.സി എക്സിക്യൂട്ടിവ് അംഗം യോഹന്നാൻ ശങ്കരത്തിൽ തുടങ്ങി നിരവധി ആളുകൾ ഒപ്പിട്ട് എ.ഐ.സി.സിക്ക് പരാതി നൽകിയിരിക്കുന്നത്.

ബി.ജെ.പി സ്ഥാനാർത്ഥികളെ 10ന് മുൻപറിയാം

ജില്ലയിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇൗ മാസം 10ന് മുൻപ് പ്രഖ്യാപിക്കും. അടൂർ, ആറൻമുള, കോന്നി, തിരുവല്ല മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുമെന്ന് സൂചനയുണ്ട്. റാന്നി ബി.ഡി.ജെ.എസിന് നൽകും. ബി.ജെ.പി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അഭ്യൂഹങ്ങൾ മാത്രമാണുള്ളത്. ആറൻമുളയിൽ മാദ്ധ്യമ പ്രവർത്തക സുജയ പാർവതി, നടൻ സുരേഷ് ഗോപി എന്നിവരുടെ പേരുകൾ കേൾക്കുന്നു. കോന്നിയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. അടൂരിലും സംസ്ഥാന നേതാവ് മത്സരിച്ചേക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.