പത്തനംതിട്ട : മരണമടഞ്ഞ 68 പേരുടെ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നഗരസഭ പെൻഷൻ നൽകുന്നു. ഇതുമൂലം ഇതുവരെ 29 ലക്ഷം രൂപയുടെ നഷ്ടം നഗരസഭയ്ക്കുണ്ടായതായി ലോക്കൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ചിലരുടെ അക്കൗണ്ടിലേക്ക് 60,000 രൂപ വരെ നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിട്ടുമുണ്ട്. കർഷക താെഴിലാളി പെൻഷൻ, വാർദ്ധക്യ കാലപെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ ഇനങ്ങളിലാണ് മരിച്ചവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വിതരണം ചെയ്യുന്നത്. മരിച്ചവരുടെ ബന്ധുക്കൾ യഥാസമയം നഗരസഭയിൽ വിവരം അറിയിക്കാതിരുന്നതുകൊണ്ടാണ് പെൻഷൻ തുക ഇപ്പോഴും വിതരണം ചെയ്യുന്നതിന്റെ കാരണമായി നഗരസഭ ജീവനക്കാർ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ മരണം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ ക്ഷേമ പെൻഷൻ അക്കൗണ്ട് സസ്പെൻഡ് ചെയ്യണമെന്ന് വകുപ്പിന്റെ ഉത്തരവുണ്ട്.
സഹകരണ ബാങ്ക് മുഖേനയാണ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്. ഇതിലൂടെ പൊതുഖജനാവിന് ലക്ഷങ്ങൾ നഷ്ടമായെന്ന് ഒാഡിറ്റ് റിപ്പോർട്ട് പറയുന്നു. കൃത്യമായ പരിശോധനാ റിപ്പോർട്ടില്ലാതെയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. അനർഹർ പെൻഷൻ കൈപ്പറ്റുന്നതിന് ഇത് കാരണമാകുന്നു. അനർഹമായി വിതരണം ചെയ്ത 29ലക്ഷം രൂപ തിരികെ പിടിക്കണമെന്ന് ലോക്കൽ ഫണ്ട് വിഭാഗം സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണം തിരികെ വാങ്ങണമെന്ന് ഒാഡിറ്റ് വിഭാഗം
'' മരിച്ചവരുടെ ബന്ധുക്കൾ യഥാസമയം നഗരസഭയിൽ അറിയിക്കാത്തത് കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. പരിശോധനയിലൂടെ പണം തിരികെപ്പിടിക്കും.
ടി.സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |