പത്തനംതിട്ട : ധനന്ത്രി കെ.എൻ.ബാലഗോപാൽ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജജറ്റിൽ ജില്ലയ്ക്ക് എന്തൊക്കെ പ്രതീക്ഷിക്കാം?. പൂർത്തിയാക്കാനുള്ള പദ്ധതികൾ ഒട്ടേറെയുണ്ട്. പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പദ്ധതികളിൽ ജില്ലയ്ക്ക് എന്തുകിട്ടുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്....ജില്ലയുടെ പ്രധാന പദ്ധതികൾ എവിടെയൊക്കെയെത്തി, നാടിന് വേണ്ടത് എന്തൊക്കെ എന്നൊരു അന്വേഷണം.
ആറൻമുള
കോഴഞ്ചേരി പാലം
പണിതീരാതെ കോഴഞ്ചേരി പാലം. നെടുമ്പ്രയാർ കരയിൽ സ്ഥലം ഏറ്റെടുപ്പ് തർക്കത്തിലായി. നിലവിലെ കരാർ ഡിസംബർ 31ന് അവസാനിച്ചു. പുതിയ കരാർ നൽകണമെങ്കിൽ പദ്ധതി വിഹിതം വർദ്ധിപ്പിക്കണം. 2018 ഡിസംബറിലാണ് പാലം പണി തുടങ്ങിയത്. 19.69 കോടിയാണ് വകയിരുത്തിയത്. സ്ഥലം ഏറ്റെടുപ്പ് പ്രശ്നത്തിൽ നിർമ്മാണം നിലച്ചതിന് പിന്നാലെ കരാർ കാലാവധിയും അവസാനിച്ചു. വീണ്ടും പണി തുടരണമെങ്കിൽ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിന് ആനുപാതികമായി തുക വർദ്ധിപ്പിക്കണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടു. പുതിയ കരാർ വിളിക്കുമെന്ന് മന്ത്രി വീണാജാേർജ് അറിയിച്ചിരുന്നു.
ജില്ലാ കോടതി സമുച്ചയം
റിംഗ് റോഡിൽ അഞ്ചക്കാലയിൽ ജില്ലാ കോടതി സമുച്ചയത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.
ജില്ലാ സ്റ്റേഡിയം
ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിന് 50 കോടി വകയിരുത്തി. നഗരസഭ സ്ഥലം വിട്ടു നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.
ഇലന്തൂർ ഗവ.കോളജിന് കെട്ടിടം
ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജായ ഇലന്തൂർ കോളേജിന് സ്വന്തം കെട്ടിടമില്ല. ഖാദി വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കാമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.
റാന്നി
മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കാനായില്ല. വെള്ളപ്പൊക്കത്തിന്റെ കെടുതികളിൽ നിന്ന് ഇനിയും പൂർണമായി മുക്തമാകാത്ത നാടിന് സർക്കാർ പദ്ധതികളൊന്നുമില്ല. റാന്നി നോളജ് വില്ലേജിനുള്ള നടപടികൾ തുടങ്ങിയതു മാത്രമാണ് അടുത്തകാലത്തുണ്ടായ മാറ്റം.
അടൂർ
താലൂക്ക് ഒാഫീസ്, വില്ലേജ് ഒാഫീസ് എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി റവന്യൂ കോപ്ളക്സ് നിർമ്മാണം, കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണം, പന്തളം പൊതുമരാമത്ത് അസി. എൻജിനീയർ ഒാഫീസിന് പുതിയ കെട്ടിടം, പന്തളം സബ്ട്രഷറി, എ.ഇ.ഒ ഒാഫീസുകൾക്ക് പുതിയ കെട്ടിടം, അടൂരിൽ സാംസ്കാരിക കൺവെൻഷൻ സെന്റർ, ഏറത്ത് പഞ്ചായത്ത് ഒാഫീസിന് പുതിയ മന്ദിരം, കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ സ്പോട്സ് സ്കൂൾ, നെല്ലിമുകൾ - തെങ്ങമം - വെള്ളച്ചാൽ - ആനയടി റോഡ് നീവകരണം.
നെടുംകുന്ന് ടൂറിസം പദ്ധതി, ചിറമുടി ടൂറിസം പദ്ധതി, ആതിരമല ടൂറിസം പദ്ധതി എന്നവയ്ക്കുള്ള അനുമതിയും പ്രതീക്ഷിക്കുന്നു.
കോന്നി
ഗവ.മെഡിക്കൽ കോളേജിന്റെ തുടർ വികസനത്തിന് ബഡ്ജറ്റിൽ പരിഗണന ലഭിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം നടക്കുകയാണ്. ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് റൂം, ലേബർറൂം, ബ്ലെഡ് ബാങ്ക്, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ, ലാബ് ഉപകരണങ്ങൾ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്ന് പ്രത്യേകമായി ലഭ്യമാക്കി.
10 നിലകളുള്ള ക്വാർട്ടേഴ്‌സിന്റെ നിർമ്മാണം ആരംഭിച്ചു.
ചിറ്റൂർ കടവ് പാലം,
ഇത്തവണയെങ്കിലും മറുകര തൊടുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്. അച്ചൻകോവിലാറിന് കുറുകെ ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തൂണുകളിൽ മാത്രം ഒതുങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പാലത്തിന്റെ നിർമാണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. അടൂർ പ്രകാശ് റവന്യുമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ റിവർ മാനേജ്മെന്‍റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണത്തിനായി തുക അനുവദിച്ചത്. എന്നാൽ, കരാറുകാരന് ബില്ല് മാറി തുക നൽകാൻ സാധികാത്തതിനാൽ നിർമാണം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കെ.യു.ജനീഷ് കുമാർ എം.എൽ.എ ആയപ്പോൾ ഒരുകോടി അനുവദിച്ചെങ്കിലും കരാറുകാരനുമായുള്ള കേസ് മൂലം നിർമാണം തുടങ്ങാൻ സാധിച്ചില്ല.
തിരുവല്ല
@ രാജ്യാന്തര നിലവാരത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം,
@ ഡി.ഡി.ഒ, ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ്, എസ്എസ്.കെ, ബി.ആർ.സി. എന്നി ഓഫിസുകളെല്ലാം ഉൾപ്പെടുത്തി വിദ്യാഭ്യാസ സമുച്ചയം,
@ താലൂക്ക് ആശുപത്രി ഒ.പി. ബ്ലോക്ക്,
@ തിരുവല്ല സബ് ട്രഷറി, തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകൾ, പുളിക്കീഴ് സബ് രജിസ്ട്രാർ ഓഫീസ് എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണം,
@ നിരണം ഡക്ക് ഫാം വികസനം, ചുമത്ര കേബിൾ ഫാക്ടറി വികസനം
@ കടപ്ര - വീയപുരം ലിങ്ക് ഹൈവേ വികസനം,
@ പന്നായി - തേവേരി റോഡ് നിലവാരം ഉയർത്തൽ,
@ ഗണപതിപുരം പാലവും കോതേകാട്ട് പാലവും കറ്റോട് പാലവും പുനർനിർമ്മിക്കണം,
@ കാവുംഭാഗം - പെരിങ്ങര - കോൺകോഡ് റോഡ് വികസനം,
@ മുത്തൂരിൽ ഫ്‌ളൈ ഓവർ നിർമ്മാണം,
@ പുല്ലംപ്ളാവിൽ കടവ് പാലം.
തിരുവല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |