കണ്ണൂർ: കാനത്തൂർ സായ് മന്ദിരത്തിന് സമീപത്ത് ഭാര്യാപിതാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാനത്തൂർ സ്വദേശി ഷൈജു (46) ആണ് അറസ്റ്റിലായത്. ഭാര്യാപിതാവ് വലിയപുരയിൽ ഭരതനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട 6.30 തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൈജുവും ഭാര്യയും തമ്മിൽ നിലവിൽ വിവാഹ മോചന കേസ് കണ്ണൂർ കുടുംബകോടതിയിൽ നിലനിൽക്കുന്നുണ്ട്. അദ്ധ്യാപികയായ യുവതി ഏറെ നാളായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇന്നലെ വൈകീട്ട് ഇവിടെയെത്തിയ ഷൈജു യുവതിയുമായി വാക്കുതർക്കത്തിലാവുകയും തുടർന്ന് കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു. യുവതിയെ കുത്തുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഭരതന്റെ കൈക്ക് പ്രതി കുത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് ഷൈജുവിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |