പോത്തൻകോട്: മാനസികാസ്വാസ്ഥ്യമുള്ള 60 കാരനെ പൊതുസ്ഥലത്ത് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. കൊഞ്ചിറ പെരുംകൂർ മരുതൻകോട് അയണിമൂട് വീട്ടിൽ വാഹീദ് (52) ആണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വട്ടപ്പാറ മൊട്ടമൂട് സഹിതഭവനിൽ ദേവകുമാർ (60)നെയാണ് കന്യാകുളങ്ങര ജംഗ്ഷനിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10ന് വടികൊണ്ടും അല്ലാതെയും ക്രൂരമായി മർദ്ദിച്ചത്. സംഭവം കണ്ടുനിന്നവർ മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട വട്ടപ്പാറ പൊലീസ് സ്വമേധയാ കേസെടുക്കുകയും ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ കന്യാകുളങ്ങര മാർക്കറ്റിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, സിവിൽ പൊലീസ് ഓഫിസർമാരായ അൽഅമീൻ, ഷമീർ, ഹോംഗാർഡ് രാജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |