വിഴിഞ്ഞം: വെണ്ണിയൂരിലെ കൃഷി കരിഞ്ഞുണങ്ങിയതോടെ കർഷകർ ആത്മഹത്യയുടെ വക്കിൽ. നീർചാലുകൾ വറ്റിവരണ്ടതോടെ കൃഷിക്ക് ജലം കിട്ടാതാവുകയും കാർഷിക ലോണും പാട്ടത്തിന് ഭൂമിയുമെടുത്ത കർഷകർ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഓണവിപണി ലക്ഷ്യമാക്കി നട്ട വാഴകൾ മുളയിലേ കരിഞ്ഞുണങ്ങി തുടങ്ങി. നീർച്ചാലിൽ ഒഴുകിവരുന്ന അല്പ ജലം ഏതാനും കർഷകർ തടമെടുത്ത് സംരക്ഷിക്കുന്നതോടെ മറ്റ് കൃഷിസ്ഥലങ്ങളിൽ ജലമെത്താതാവുകയും ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആയുധവുമായി എത്തി കർഷകർ തമ്മിൽ സംഘർഷത്തിന്റെ വക്കിലുമെത്തിയിരുന്നു. മറ്റ് കർഷകർ ഇടപെട്ട് രംഗം ശാന്തമാക്കി. നെയ്യാർഡാമിൽ നിന്ന് തുറന്നുവിടുന്ന ജലം കനാലിലൂടെ എത്താത്തതാണ് ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം തൊട്ടടുത്ത പഞ്ചായത്തായ കല്ലിയൂർ വരെ കനാലിൽ യഥേഷ്ടം വെള്ളം കിട്ടുന്നുണ്ടെന്നും വെങ്ങാനൂരിലേക്ക് എത്തുന്നില്ലെന്നുമാണ് പരാതി. കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പമ്പിംഗ് സമയവും കുറച്ചിരിക്കുകയാണ്. ഇതോടെ വെങ്ങാനൂർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. വെണ്ണിയൂർ കാട്ടുകുളത്തിന് സമീപത്തെ 100 ഏക്കറോളം വരുന്ന കൃഷിസ്ഥലത്ത് 200ൽ അധികം കർഷകരാണുള്ളത്. പഞ്ചായത്തിന്റെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണ്. വെള്ളമില്ലാത്തതിനാൽ ഏതാനും വയലുകൾ തരിശായി കിടക്കുകയാണ്. കുലച്ച ഏത്തവാഴകൾക്ക് വെള്ളം കിട്ടാതെ ഒടിഞ്ഞുതുടങ്ങി. പയറുകൾ വാടി കൊഴിഞ്ഞു, ചീരകൾ മുരടിച്ചു. കർഷകർ ഇറക്കിയിട്ട വളം വിതറാനാകാതെ കൂട്ടിയിട്ട അവസ്ഥയിലുമാണ്.
വെളളത്തിനായി തോക്കെടുത്തു
കുടിക്കുന്നതിനും കൃഷിക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നതിനായി പരാതി പറഞ്ഞ് മടുത്ത യുവാവ് തോക്കുമായെത്തി വെങ്ങാനൂരിലെ വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട സംഭവവുമുണ്ടായി. ഒടുവിൽ പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |