ചിറയിൻകീഴ്: നിത്യഹരിത നായകൻ പ്രേംനസീറിന്റെ സ്മരണയ്ക്കായി ചിറയിൻകീഴിൽ ഒരുക്കുന്ന സ്മാരക മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമാണം ആരംഭിച്ചു. ചിറയിൻകീഴ് ശാർക്കര മലയാളം പള്ളിക്കൂടത്തിന് സമീപമാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്. മലയാളം പള്ളികൂടത്തിന്റെ വകയായിരുന്ന 66.22 സെന്റ് ഭൂമി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഏറ്റെടുത്തായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വർഷം മുമ്പ് പണി ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നിർമാണം നീണ്ടുപോവുകയായിരുന്നു. പദ്ധതിക്കായി ഇതുവരെ 98ലക്ഷം രൂപ വിനിയോഗിച്ചു. ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി ഗ്രൗണ്ട് ഫ്ലോറും, ഒന്നാം നിലയുമാണ് ഒരുക്കുന്നത്. ആധുനിക നിലവാരത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി മൂന്ന് നിലകളുള്ള മന്ദിരമാണ് രൂപകൽപ്പന ചെയ്തത്. പദ്ധതി സമയബന്ധിതമായി ഒരു വർഷത്തിനുളളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ വി.ശശി എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, മെമ്പർ മോനി, തോന്നയ്ക്കൽ രാജേന്ദ്രൻ, എം അനിൽ, വിജയദാസ്, ജയകുമാർ, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുകയും വകയിരുത്തി
പ്രേംനസീർ സ്മാരകത്തിന്റെ പ്രധാന ആകർഷണമായ ഗ്രൗണ്ട് ഫ്ലോർ 6699 സ്ക്വയർ ഫീറ്റിലാണ് നിർമിക്കുന്നത്. ഇവിടെ ബാക്ക് ഓഫീസ്, മ്യൂസിയം 1, മ്യൂസിയം 2, ഓപ്പൺ തീയേറ്റർ എന്നിവ ഉണ്ടാകും. ഒന്നാം നിലയിൽ 4263 സ്ക്വയർ ഫീറ്റിൽ ലൈബ്രറി, ക്യാന്റീൻ, ഗ്യാലറി പാസേജ് എന്നിവയാണ് നിർമിക്കുന്നത്. ഒന്നാം ഘട്ടത്തിന്റെ നിർമാണത്തിനായി 2.91 കോടി രൂപയാണ് വകയിരിത്തിരിക്കുന്നത്. 55 ലക്ഷം എം.എൽ.എ ഫണ്ടിൽ നിന്നും 1.35 കോടി സാംസ്കാരിക വകുപ്പിൽ നിന്നുമാണ് ചെലവഴിക്കുന്നത്.
രണ്ടാം ഘട്ടമായി സെക്കന്റ് ഫ്ലോറിൽ കാത്തിരിപ്പ് സ്ഥലം, മൂന്ന് ബോർഡ് റൂം, ടോയ്‌ലെറ്റ് സൗകര്യം എന്നിവയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |