ചേർപ്പ് : കാറിലെത്തിയ ആറംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. കരുവന്നൂർ പനങ്കുളം സ്വദേശി സത്യരാജിനാണ് (47) വെട്ടേറ്റത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കരുവന്നൂർ പനംങ്കുളം എസ്.എൻ.ഡി.പി ഹാളിന് സമീപമായിരുന്നു ആക്രമണം. ശനിയാഴ്ച കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സത്യരാജനുമായി തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചത്. ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച സത്യരാജിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. സത്യരാജിന്റെ കാലിനും കൈയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. സംഭവത്തിൽ ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |