SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

വിടവാങ്ങിയത് ശ്യാമപ്രസാദ് സിനിമകളിലെ അദൃശ്യ സാന്നിദ്ധ്യം

sheeba

തിരുവനന്തപുരം: ഒരുതവണ പരിചയപ്പെട്ടവർ മുതൽ സുഹൃത്തുക്കൾക്കു വരെ നിറചിരിയോടെയുളള ഓർമ്മകൾ നൽകിയ ഷീബ ശ്യാമപ്രസാദ് പ്രിയപ്പെട്ടവർക്ക് നൊമ്പരം ബാക്കിവച്ചാണ് വിടപറയുന്നത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനും പി.ഭാസ്‌ക്കരന്റെ അടുത്ത സുഹൃത്തുമായിരുന്ന പിതാവ് വിജയന്റെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷീബ ദൂരദർശനിലെ അനൗൺസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. വിജയന്റെ ജോലിയുടെ ഭാഗമായാണ് കുടുംബം എറണാകുളം ചേന്ദമംഗലത്തെ കൂട്ടുകാട് ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.നിർമ്മലാഭവൻ സ്‌കൂളിലും ആൾ സെയിന്റ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഡിഗ്രി കഴിഞ്ഞ് ചുറുചുറുക്കോടെയുളള ഷീബയുടെ ഓഡിഷനിലേക്കുളള വരവ് ഇന്നും മനസിലുണ്ടെന്ന് ഓഡിഷൻ പാനലിലുണ്ടായിരുന്ന ദൂരദർശനിലെ അന്നത്തെ പ്രൊഡ്യൂസർ ബൈജു ചന്ദ്രൻ ഓർക്കുന്നു. മനോഹരമായി ചിരിക്കുന്ന ഏറെ വിനയമുളള കുട്ടിയായിരുന്നു ഷീബ. അവതാരകയായിരിക്കെത്തന്നെ ജോലി കാര്യങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിനായി രാവിലെ മുതൽ വൈകിട്ട് വരെ ദൂരദർശനിൽ കൂടി.ശ്യാമിന്റെ വിവാഹ ആലോചനയുമായി ഷീബയുടെ വീട്ടിൽ പോയത് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.ശ്യാമിന്റെ സിനിമകളിൽ ഷീബയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.രണ്ട് വർഷമായി സിനിമയിൽ നിന്നുളള ഒരു ഓഫറും ഏറ്റെടുക്കാതെയാണ് ഷീബയുടെ അരികിലിരുന്ന് ശ്യാമപ്രസാദ് ശുശ്രൂഷിച്ചതെന്നും ബൈജു ചന്ദ്രൻ പറഞ്ഞു.

ശ്യാമപ്രസാദിന്റെ 'അരികെ' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായി വേഷമിട്ട ബംഗാളി നടിക്ക് ശബ്‌ദം നൽകിയത് ഷീബയായിരുന്നു. കലാമണ്ഡലം വിമലാമേനോനായിരുന്നു ക്ലാസിക്കൽ ഡാൻസിലെ ഗുരു. പത്താം ക്ലാസിൽ നിറുത്തിയ നൃത്തപഠനം മനസിൽ വിങ്ങലായപ്പോൾ 2011ൽ വീണ്ടും ചിലങ്കയണിഞ്ഞു. ഗിരിജാചന്ദ്രന്റെ നേതൃത്വത്തിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ഷീബ വിവിധ വേദികളിൽ നർത്തകിയായി. തിരുവനന്തപുരം ശ്രീകണ്‌‌ഠേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെ നൃത്തം അവതരിപ്പിച്ചിരുന്നു. ദൂരദർശനിലെ മയിൽപ്പീലി എന്ന കുട്ടികളുടെ പരിപാടിയിലും അവതാരകയായി തിളങ്ങി. ബാങ്ക് ഉദ്യോഗസ്ഥയെന്ന നിലയിലും കഴിവ് തെളിയിച്ച ഷീബ 1994ൽ എസ്.ബി.ടി ആദ്യമായി എ.ടി.എം പുറത്തിറക്കിയപ്പോൾ പരസ്യമോഡലുമായി. ഇന്നലെ കുറവൻകോണത്തെ വിൻസർ മാൻഷൻ ഫ്ലാറ്റിലും തൈക്കാട് ശാന്തികവാടത്തിലും സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. വൈകിട്ട് മൂന്നരയോടെ മകൻ വിഷ്‌ണു ശ്യാമപ്രസാദ് അന്ത്യകർമ്മങ്ങൾ നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.