തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്ക് രണ്ടുദിവസം മാത്രം ശേഷിക്കേ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ബി. അനിൽകുമാർ,ചെയർപേഴ്സൺ എ. ഗീതാകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നുമുതൽ ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ദർശനത്തിനായി തിക്കിത്തിരക്കേണ്ടതില്ല, തിരക്ക് കൂടുന്നതനുസരിച്ച് ദർശനത്തിന് പ്രത്യേക സൗകര്യമൊരുക്കും. വൃദ്ധർക്കും വികലാംഗർക്കും പരിഗണന നൽകുമെന്നും ഭക്തർ പൊലീസിന്റെ നിർദ്ദേശം പാലിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
മുൻകാലങ്ങളെക്കാൾ പൊങ്കാല വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനനുസൃതമായ സജ്ജീകരണങ്ങൾ ജില്ലാ ഭരണകൂടവും ട്രസ്റ്റും ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി 14 കോടി രൂപയുടെ അപകട ഇൻഷ്വറൻസും ട്രസ്റ്റ് ഉറപ്പാക്കി. 3300 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 150 വോളന്റിയർമാരും രംഗത്തുണ്ടാകും.
അഗ്നിരക്ഷാസേനയുടെ 250 ജീവനക്കാർ,സ്‌കൗട്ട് ആൻഡ് ഗൈഡ്സിലെ അംഗങ്ങൾ,സബ് കളക്ടർ നിയോഗിച്ച ജീവനക്കാർ എന്നിവർ കർമ്മരംഗത്തുണ്ടാകും. കെ.എസ്.ആർ.ടി.സി 400 സർവീസുകൾ ക്ഷേത്രത്തിലേക്ക് നടത്തും. അന്നദാനം,കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകളും ഭക്തർക്കായി തയ്യാറാക്കും.
പ്ലാസ്റ്റിക്ക് ഒഴിവാക്കി ഹരിതചട്ടം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻനായർ, മറ്റ് ഭാരവാഹികളായ പി.കെ.കൃഷ്ണൻനായർ, വി.ശോഭ,എം.എ.അജിത്കുമാർ, ജി.ജയലക്ഷ്മി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |