തിരുവനന്തപുരം: കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണവും സർവീസ് റോഡുകളും പൂർത്തിയാക്കുന്നതിലെ കാലതാമസവും കഴക്കൂട്ടം- കല്ലമ്പലം ദേശീയപാത നിർമ്മാണം വൈകിക്കുന്നു. ചേർത്തലയടക്കം മറ്റ് 19 റീച്ചുകളിലും ദേശീയ പാത നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോഴാണ് കഴക്കൂട്ടം- കല്ലമ്പലം റീച്ചിൽ നിർമ്മാണം തുടങ്ങി ആറുമാസമായിട്ടും കലുങ്കുകളും ഓടകളും പോലും പൂർത്തിയാക്കാതെ പണി ഇഴയുന്നത്. ഇവയുടെ നിർമ്മാണം
പൂർത്തിയാക്കിയാലേ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ട് ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കാനാകൂ.
കെ.എസ്.ഇ.ബി , വാട്ടർ അതോറിട്ടി കണക്ഷനുകൾ നീക്കം ചെയ്യുന്ന ജോലികളും അവസാനിച്ചിട്ടില്ല. റോഡിന് കുറുകെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും പലയിടങ്ങളിലും നീക്കേണ്ടതുണ്ട്. ഇവ പാതയുടെ വശത്തേക്ക് മാറ്റിയാലേ സ്ഥലം ലെവൽ ചെയ്ത് റോഡ് പണി ആരംഭിക്കാനാകൂ. ഇന്റർനെറ്റ്, ടെലിഫോൺ, കേബിൾ ടി.വി നെറ്റ് തുടങ്ങിയവയുടെ കേബിളുകൾ കടത്തികൊണ്ടുപോകുന്നതിനുള്ള യൂട്ടിലിറ്റി സർവീസ് നിർമ്മാണവും പൂർത്തിയാകാനുണ്ട്. കേബിളുകൾ കൊണ്ടുപോകാനുള്ള ഭൂഗർഭതുരങ്കത്തിന്റെ നിർമ്മാണം അവസാനിച്ചാലേ ഇവ അതിലേക്ക് മാറ്റാനാകൂ. ഈമാസം 31ന് മുമ്പ് അത്തരം ജോലികളെല്ലാം പൂർത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.
രണ്ടുമാസത്തിനകം സർവീസ് റോഡുകളുടെ നിർമ്മാണം ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി ഇരുവശത്തേക്കുമുള്ള ഗതാഗതം സർവീസ് റോഡിലേക്ക് വഴി തിരിച്ചുവിട്ടശേഷമാകും ആറുവരി ദേശീയ പാത നിർമ്മാണം തുടങ്ങുക. കഴക്കൂട്ടം- കല്ലമ്പലം റീച്ചിൽ വാമനപുരം , ഇത്തിക്കര ആറുകൾക്ക് കുറുകെ രണ്ടിടത്ത് മാത്രമാണ് പാലങ്ങൾ നിർമ്മിക്കേണ്ടത്. മറ്റിടങ്ങളില്ലാം നിരപ്പാക്കി ബലപ്പെടുത്തി മെറ്റലിംഗും ടാറിഗും നടത്തുന്നതോടെ പാതനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് ദേശീയ പാത അതോറിട്ടിയുടെ കണക്കുകൂട്ടൽ. കഴക്കൂട്ടം ഫ്ളൈഓവർ നിർമ്മിക്കുന്ന ആർ.ഡി.എസ് കമ്പനിയാണ് 795 കോടി രൂപയ്‌ക്ക് നിർമ്മാണമേറ്റെടുത്തത്. ആറ്റിങ്ങൽ ബൈപാസിന് പുറമേ കല്ലമ്പലം മുതൽ മണമ്പൂർ വരെ എട്ട് കിലോമീറ്ററോളം നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടിയാണ് ആറുവരിപ്പാത യാഥാർത്ഥ്യമാക്കുന്നത്.
ആയാംകോണം -മാമം ബൈപാസിന്റെ നിർമ്മാണം മെറ്റലിംഗ് ഘട്ടത്തിലെത്തിയെന്ന് അധികൃതർ അറിയിച്ചു.10.8 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണ് നിർമ്മാണം. കടമ്പാട്ടുകോണം മുതൽ ആയാംകോണം വരെയും മാമം മുതൽ കഴക്കൂട്ടം വരെയും നിലവിലെ ദേശീയപാത വികസിപ്പിക്കുന്നതിനൊപ്പമാണ് ആയാംകോണത്തുനിന്ന് മാമത്തേക്ക് 45 മീറ്റർ വീതിയിൽ പുതിയ ആറുവരിപ്പാത സജ്ജമാക്കുന്നത്. ദേശീയ പാതയിലെ സർവീസ് റോഡ് പൂർത്തിയാക്കുന്നതിനൊപ്പം ബൈപാസിന്റെ നിർമ്മാണവും പൂർത്തിയാകുമെന്നാണ് എൻ.എച്ച്.എ.ഐയുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |