തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പിൽ ഡയറക്ടർ ബോർഡ് അംഗവും ബി.എസ്.എൻ.എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന നന്തൻകോട് സ്വദേശി പി.ആർ. മൂർത്തിയെ (63) രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ ഉച്ചയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ മൂർത്തിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് കേസിലെ മുഖ്യപ്രതി എ.ആർ. ഗോപിനാഥുമായി ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. ഗോപിനാഥ് തട്ടിപ്പ് നടത്തിയ വിവരം മൂർത്തി ഡയറക്ടർ ബോർഡിലുള്ള മറ്റംഗങ്ങളോടൊന്നും പറയാതിരുന്നത് തട്ടിപ്പിന് ഇയാളും കൂട്ടുനിന്നതിന്റെ തെളിവായാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. അംഗങ്ങളുടെ സേവിംഗ്സ്, സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് ഗോപിനാഥ് പണം പിൻവലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂർത്തിയുടെ അറിവോടെയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പണം റിയൽഎസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും ഗോപിനാഥ് നിക്ഷേപിക്കുന്നതറിഞ്ഞിട്ടും മൂർത്തി പലരെയും നിർബന്ധിച്ച് നിക്ഷേപം നടത്തിച്ചു. തട്ടിപ്പ് കേസിലെ മറ്റുപ്രതികളായ എ.ആർ. രാജീവ്, ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠൻ, ഇയാളുടെ ഭാര്യ എന്നിവരെ പിടികൂടാൻ ഇനിയും അന്വേഷണസംഘത്തിനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |