തിരുവനന്തപുരം: പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ജീവനക്കാരെ സീറ്റുകളിൽ ഉറപ്പിച്ചിരുത്താൻ സെക്രട്ടേറിയറ്റിൽ സജ്ജമാക്കുന്ന ഇലക്ട്രോണിക് സംവിധാനമായ അക്സസ് കൺട്രോൾ സംവിധാനം പൊതുജനത്തെ വെള്ളം കുടുപ്പിക്കുമെന്ന് ആക്ഷേപം. നിലവിലുള്ള സുരക്ഷയും നിയന്ത്രണവും പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതാണ് പുതിയ സംവിധാനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ 2016ൽ അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിന് സുരക്ഷ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിപ്പിച്ചിരുന്നു. 2021ൽ പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ നിയന്ത്രണങ്ങൾ ഇരട്ടിയാക്കി. ഏപ്രിൽ മുതലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
നിലവിൽ സന്ദർശകർക്ക് ഇങ്ങനെ
കന്റോൺമെന്റ് ഗേറ്റിന് സമീപത്തുള്ള സന്ദർശക കൗണ്ടർ വഴി പാസെടുത്താണ് പ്രവേശനം. വരുന്നവർ ആധാർ കാർഡോ, മറ്റ് തിരിച്ചറിയൽ രേഖകളോ നൽകണം. മടങ്ങുമ്പോൾ ഇവ തിരിച്ചുനൽകും.
അക്സസ് വരുമ്പോൾ
അക്സസ് കൺട്രോൾ സംവിധാനം വരുന്നതോടെ സന്ദർശകർക്ക് പ്രത്യേകം തിരിച്ചറിയൽ കാർഡുകൾ നൽകും. ഇതിനായി ക്യൂ.ആർ കോഡുള്ള 1000 കാർഡുകൾ തയാറാക്കിയിട്ടുണ്ട്. നേരത്തെ പാസ് എടുത്തവർക്ക് സെക്രട്ടേറിയറ്റിൽ എവിടെ വേണമെങ്കിലും പോകാമായിരുന്നു. എന്നാൽ, അക്സസ് സംവിധാനം വരുന്നതോടെ ഇതിനാവില്ല. സന്ദർശകന് അക്സസ് സംവിധാനം വഴി ഒരു ഉദ്യോഗസ്ഥനെ സന്ദർശിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാത്രമേ കാണാനാകൂ. മറ്റൊരു സെക്ഷനിലേക്ക് പോകണമെങ്കിൽ വീണ്ടും പാസെടുക്കേണ്ടിവരും. കാർഡ് നഷ്ടപ്പെട്ടാൽ 500 രൂപ പിഴ.
സംഘടനകൾക്കും എതിർപ്പ്
പുതിയ സംവിധാനത്തോടു ഭരണ-പ്രതിപക്ഷ സംഘടനകൾക്ക് കടുത്ത എതിർപ്പാണ്. സംഘടനാ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതാണ് പുതിയ സംവിധാനമെന്നും തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും ഇവർ പറയുന്നു. ഭരണപക്ഷ യൂണിയന് പ്രതിഷേധമുണ്ടെങ്കിലും തുറന്നുപ്രകടിപ്പിക്കുന്നില്ല. പ്രധാന കെട്ടിടത്തിലെ പല ബ്ലോക്കുകളിലും മതിയായ ടോയ്‌ലെറ്റ് സൗകര്യമോ, റസ്റ്റ് റൂം സൗകര്യമോ ഇല്ലാത്തതിനാൽ അക്സസ് ഗേറ്റുകൾ കടന്നുപോകേണ്ട സാഹചര്യമുണ്ടെന്നും ഇത് ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് സമയം നഷ്ടമാകാൻ ഇടയാക്കുമെന്നും ഇവർ പറയുന്നു. സെക്രട്ടേറിയറ്റിലെ ഡിസ്‌പെൻസറികളിൽ പോകുന്നതിനും അക്സസ് കൺട്രോൾ സിസ്റ്റത്തിന്റെ ഗ്രേസ് ടൈം വിലക്ക് തടസമാണെന്ന് ഇവർ പറയുന്നു.
സിനിമാ ചിത്രീകരണവും വിലക്കി
അതീവ സുരക്ഷാമേഖലയായതിനാൽ സെക്രട്ടേറിയറ്റിലെ സിനിമ - സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിനായി കിട്ടിയ അപേക്ഷകൾ തള്ളി. അതീവ സുരക്ഷാമേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇനി മുതൽ പി.ആർ.ഡി ആയിരിക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ചിത്രീകരണം നിർവഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |