ചിറയിൻകീഴ്: ഉരുൾ വഴിപാടിന്റെ പുണ്യം തേടി ഭക്തരും അശ്വതി നാളിന്റെ ഉത്സവലഹരിയിൽ ഭക്തജനങ്ങളും ശാർക്കര പറമ്പിലെത്തിയതോടെ ക്ഷേത്ര മൈതാനം പൂരപ്പറമ്പായി. മുപ്പത് കരകളിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ഉരുൾ ഘോഷയാത്രകൾ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിലെത്തി ഉരുൾ സന്ധിപ്പ് നടത്തിയത്. ഓരോ കരയിൽ നിന്നും എത്തിയ ഉരുൾ ഘോഷയാത്രയ്ക്ക് നാദസ്വരവിദ്വാൻമാരും വിവിധ കലാരൂപങ്ങളും വാദ്യഘോഷങ്ങളും അകമ്പടി സേവിച്ചു . ഉരുൾ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് 4ന് വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വര വാദ്യമേളങ്ങളുടെ സേവ ആനക്കൊട്ടിലിലും സേവാപന്തലിലും നടന്നു. ക്ഷേത്ര സന്നിധിയിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്ക നേർച്ച ഇന്ന് നടക്കും. അഭീഷ്ടകാര്യ സിദ്ധിക്കായി ദേവിക്ക് ഭക്തർ മനസ്സാസമർപ്പണം നടത്തുന്നതാണ് ഗരുഡൻ തൂക്കം. 201 നേർച്ചക്കാരാണ് തൂക്കവില്ലേറുന്നത്. ഇന്ന് പുലർച്ചയോടെ ദേവീസന്നിധിയിലെത്തുന്ന നേർച്ച ഭക്തർ ദേവിയെ ഏഴു വലം ചുറ്റി അനുഗ്രഹം വാങ്ങി ദേവസ്വം വക ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടും. തൂവെളള വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റത്തോർത്ത് ചൂടിയാണ് നേർച്ച തൂക്കത്തിൽ പങ്കെടുക്കുന്നത്. ഇരുപത്തിയഞ്ച് പേരടങ്ങുന്ന ആദ്യ നേർച്ച തൂക്ക സംഘം നാദസ്വര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിക്കൊട്ടാരത്തിൽ നിന്ന് ക്ഷേത്ര സന്നിധി ലക്ഷ്യമാക്കി ഘോഷയാത്രയായി പുറപ്പെടും. രാവിലെ 8.30നാണ് ഗരുഡൻതൂക്കം ആരംഭിക്കുന്നത്. നേർച്ച തൂക്കക്കാരുടെ കൈകളിൽ കുട്ടികളെ കാഴ്ചവച്ച് പിള്ളകെട്ടിത്തൂക്കവും നടത്തും. തൂക്കവഴിപാടുകൾ വൈകുന്നേരത്തോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |