വിതുര: ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകളുള്ള ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികളും കടലാസിലുറങ്ങുകയാണ്. വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സമ്മാനിക്കുന്ന പൊൻമുട്ടയിടുന്ന പൊൻമുടിക്ക് ഇന്നും കയ്പുനീർ കുടിക്കാനാണ് വിധി.
മാറിമാറി വരുന്ന സർക്കാരുകൾ വമ്പൻ പദ്ധതികളാണ് പൊൻമുടിയുടെ വികസനത്തിനായി പ്രഖ്യാപിക്കാറുള്ളത്.ഇതിനായി ബഡ്ജറ്റിൽ കോടിക്കണക്കിന് രൂപ വകയിരുത്തുകയും ചെയ്യും. എന്നാൽ ഇതിൽ ഭൂരിഭാഗവും യാഥാർത്ഥ്യമാകാറില്ല. പ്രഖ്യാപിച്ച പദ്ധതികൾ നിലവിൽ വന്നെങ്കിൽ ലോകഭൂപടത്തിൽ പൊൻമുടിയുടെ യശസ് വാനോളം ഉയരുകയും സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുകയും അതുവഴി കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ലഭിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ പൊൻമുടിക്ക് ഇന്നും അവഗണനയുടെ കണക്കുകൾ മാത്രമാണ് നിരത്താനുള്ളത്.പൊൻമുടിയിൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന് ധാരാളം നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ മാറിവരുന്ന സർക്കാരുകളൊന്നും ഇത് മുഖവിലയ്ക്കെടുക്കാറില്ല. പൊൻമുടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ നിന്ന് പാസ് ഇനത്തിൽ മാത്രമാണ് പണം പിരിക്കുന്നത്. എന്നാൽ ഇവർക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് സഞ്ചാരികൾക്ക് പരാതിയുണ്ട്.
പൊൻമുടിയുടെ ദുരവസ്ഥയും സഞ്ചാരികൾ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദിയും അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ ടൂറിസം ഇടനാഴി പദ്ധതി പ്രഖ്യാപിച്ചതിൽ പൊൻമുടിയെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.പദ്ധതി ഫലപ്രദമായി നടപ്പിലാകണമെങ്കിൽ കോടിക്കണക്കിന് രൂപ വേണം. കേന്ദ്രസർക്കാരാകട്ടെ പൊൻമുടിക്കായി പ്രത്യേക വികസനപദ്ധതികളൊന്നും പ്രഖ്യാപിക്കാറുമില്ല. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങളെത്തുന്ന പൊൻമുടി വികസനസ്വപ്നം സാക്ഷാത്കരിക്കുവാൻ ഇനിയും കാലങ്ങൾ ഏറെ വേണമെന്നുള്ളതാണ് വസ്തുത.
റോപ്പ് വേയും ഹെലിപ്പാഡും കടലാസിൽ
വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയോട് വലിയ പ്രേമമാണ്.വികസനപ്രവർത്തനങ്ങൾക്കായി മാറിവരുന്ന സർക്കാരുകൾ ബഡ്ജറ്റുകളിൽ കോടികൾ വകയിരുത്തും. ടൂറിസ്റ്റുകളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള നമ്പർ മാത്രമാണിതെന്നാണ് നാട്ടുകാരുടെ പക്ഷം.എൽ.ഡി.എഫ് സർക്കാർ പൊൻമുടിയിൽ റോപ്പ്‌വേ നിർമ്മിക്കുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. യു.ഡി.എഫ് സർക്കാർ ഹെലിപ്പാഡ് നിർമ്മിക്കുമെന്നും വാഗ്ദാനം നടത്തി.ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ കോടികൾ വകയിരുത്തിയിരുന്നു.
പക്ഷേ പ്രഖ്യാപനം നടത്തി പത്ത് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ജലരേഖയാണ്. എന്നാൽ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ പൊൻമുടിയെപ്പറ്റി യാതൊരു പരാമർശവുമില്ല. പൊൻമുടിയിൽ വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ അരങ്ങേറിയിട്ടുണ്ട്.
അടച്ചുപൂട്ടൽ മാത്രം
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നേരത്തെ പൊൻമുടിയിൽ മാൻപാർക്ക് സജീവമായി പ്രവർത്തിച്ചിരുന്നു.കുട്ടികൾക്ക് ഏറെ പ്രിയമായിരുന്ന പാർക്ക് കാരണമില്ലാതെ പത്ത് വർഷം മുൻപ് അടച്ചുപൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇവിടെയുണ്ടായിരുന്ന ബിയർപാർലറും അടച്ചു.ഇപ്പോൾ സഞ്ചാരികൾ പ്രകൃതിഭംഗി മാത്രം ആസ്വദിച്ച് മടങ്ങണം. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ സഞ്ചാരികൾ ബുദ്ധിമുട്ടിലുമാണ്. സഞ്ചാരികളോട് അധികാരികൾ അവഗണനയാണ് കാട്ടുന്നതെങ്കിലും പൊൻമുടിയെന്ന സുന്ദരിയെ മറക്കുവാൻ ടൂറിസ്റ്റുകൾ ഒരുക്കമല്ല.ഓരോവർഷം കഴിയുംതോറും വർദ്ധിച്ചുവരുന്ന സഞ്ചാരികളുടെ ഒഴുക്ക് അതിന് അടിവരയിടുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |