കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ജനവാസ മേഖലകളിൽ മാലിന്യനിക്ഷേപം വീണ്ടും വ്യാപകം. കഴിഞ്ഞദിവസം നാവായിക്കുളം ഡീസന്റ്മുക്കിലും പാറച്ചേരിയിലും മാലിന്യം നിക്ഷേപിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. ഡീസന്റ്മുക്കിൽ കക്കൂസ് മാലിന്യവും പാറച്ചേരിയിൽ അറവുമാലിന്യവുമാണ് നിക്ഷേപിച്ചത്. സമീപത്തെ വീടുകളിലെ സി.സി ടിവി കാമറകളിൽ നിന്നും ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം ഒഴുക്കുന്ന ദൃശ്യം ലഭിച്ചുവെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമല്ല. നാട്ടുകാർ ഇതുസംബന്ധിച്ച് കല്ലമ്പലം പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ആറുമാസം മുൻപാണ് തൃക്കോവിൽവട്ടം പാടശേഖരത്തിലും സമീപത്തെ തോട്ടിലും ടോയ്‌ലെറ്റ് മാലിന്യം ഒഴുക്കിയത്. സംഭവത്തിൽ പാടശേഖരസമിതി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അടിക്കടി കക്കൂസ് മാലിന്യം തള്ളുന്നതിൽ ശക്തമായ നടപടിക്കൊരുങ്ങുകയാണ് നാട്ടുകാർ. പലപ്പോഴും നാട്ടുകാർ സംഘടിച്ച് രാത്രി സമയങ്ങളിൽ ഇത്തരക്കാരെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നിൽ ഒരേ സംഘം
മൂന്ന് മാസത്തിന് മുൻപ് കപ്പാംവിള മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപം ജനവാസ മേഖലയിൽ 200 മീറ്ററോളം ദൂരത്തിൽ വൻതോതിൽ കക്കൂസ് മാലിന്യമൊഴുക്കിയതും, ചാവർകോട് മലച്ചിറയിൽ തോടിന്റെ വശങ്ങളിൽ കക്കൂസ് മാലിന്യം ഒഴുക്കിയതും വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ടിടത്തും ഒരേ വാഹനത്തിലെത്തിച്ച മാലിന്യമാണ് ഒഴുക്കിയതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവിടെയും ഇതേ വാഹനമാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാരുടെ സംശയം.
നാട്ടുകാർക്ക് തലവേദന
മാലിന്യ നിക്ഷേപത്തിന് പിന്നാലെ ഇതിന്റെ ദുർഗന്ധം സഹിക്കാൻ കഴിയാതെ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് വൃത്തിയാക്കുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം പാറച്ചേരിയിലെ അറവുമാലിന്യവും സമീപവാസികൾ സംസ്കരിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയാലും മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്തിന്റെ സ്ഥിതിയും ഇതുതന്നെ.
പൊലീസും അനങ്ങുന്നില്ല
പൊലീസിന് സമീപ വീടുകളിലെയും മറ്റും സി.സി ടിവി കാമറകൾ പരിശോധിച്ച് ഇതുവഴി രാത്രി കടന്നുപോയ ടാങ്കർ ലോറികൾ കണ്ടെത്തി പ്രതികളെ പിടികൂടാൻ കഴിയും. എന്നാൽ അന്വേഷണത്തിനോ വിവരശേഖരണത്തിനോ പൊലീസ് തയ്യാറല്ലെന്നാണ് ആക്ഷേപം. നാവായിക്കുളത്തെ മാലിന്യ നിക്ഷേപത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |