മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി.ഐ.എസ്.എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങൾക്കൊപ്പം ഹരിയാനയിലും അമൃത്‌സറിലുമടക്കം ഒമ്പതിടങ്ങളിലാണ് റെയ്ഡ് നടന്നത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെയും അവരുടെ സഹായികളുടെയും ഇടനിലക്കാരുടെയും വീടുകളിലായിരുന്നു പരിശോധന. സ്വർണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ. 2023 ൽ കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.
സിഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻ കുമാറും കൊണ്ടോട്ടി സ്വദേശി ഷറഫലിയും മുഖ്യപ്രതികളായ കേസിലാണ് നടപടി.
ഒന്നാംപ്രതി നവീൻ കുമാറിന്റെ ഹരിയാന ഹസോറിലുള്ള വീട്, ഇവിടെയുള്ള ബന്ധുവിന്റെ വീട്. രണ്ടാം പ്രതി ഷറഫലിയുടെ കൊണ്ടോട്ടിയിലെ വീട്, കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെയും അമൃത്‌സറിലെയും വീടുകൾ, കോഴിക്കോട്ടും കോച്ചി വെല്ലിംഗ്ടൺ ഐലന്റിലുമുള്ള കസ്റ്റംസ് ക്വാർട്ടേഴ്സുകൾ, ഏജന്റുമാരുടെ കോഴിക്കോട് താമരശ്ശേരിയിലെയും മലപ്പുറം കൊണ്ടോട്ടിയിലെയും വീടുകൾ എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും വിജിലൻസ് പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് റേഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ഡി.വൈ എസ്.പിമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. സി.ഐ.എസ്.എഫ് അസി. കമാൻഡന്റായ നവീൻ കുമാറിന്റെ സഹായത്താൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ചില ജുവലറികളിൽ എത്തിക്കുന്നുവെന്നും ഇതിൽ നിന്ന് ലഭിക്കുന്ന ഹവാല പണം ദൽഹിയിലേക്ക് പോകുന്നുവെന്നുമായിരുന്നു കേസ്. നവീൻ കുമാർ നിലവിൽ സസ്‌പെൻഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |