വർക്കല: കാപ്പിൽ തീരത്തെ സ്വാഭാവിക കണ്ടലുകൾ വംശനാശഭീഷണിയുടെ വക്കിൽ. ഇവയുടെ സംരക്ഷണത്തിനായി സർക്കാർ തലത്തിൽ നടപടികളുണ്ടാകണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.കായലും കടലും സംഗമിക്കുന്ന കാപ്പിൽ തീരത്തെ പ്രധാന ആകർഷണമാണ് കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും. തീരദേശ പരിപാലന നിയമം ലംഘിച്ച് കായൽത്തീരങ്ങളിലെ കൈയേറ്റം കണ്ടൽക്കാടുകൾക്ക് ഭീഷണിയാകുന്നു. തീരത്തെ സ്വാഭാവിക കണ്ടലുകൾക്ക് വംശനാശ ഭീഷണി നേരിട്ട സാഹചര്യത്തിലാണ് സർക്കാർ കൃത്രിമ കണ്ടൽ പദ്ധതിക്ക് രൂപം നൽകിയത്. ഇടവ നടയറ കായലിന്റെ ഭാഗമായ വെറ്റക്കട കൊച്ചുകായൽ മുതൽ കാപ്പിൽ തീരം വരെ ഏകദേശം 5 ഹെക്ടർ ദൂരപരിധിയിലാണ് വർഷങ്ങൾക്കു മുൻപ് കൃത്രിമ കണ്ടലുകൾ വച്ചുപിടിപ്പിച്ചത്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്ന കേന്ദ്ര ഏജൻസിയാണ് പദ്ധതി വിഭാവനം ചെയ്തത്. ലക്ഷങ്ങൾ ചെലവഴിച്ച് പദ്ധതി യാഥാർത്ഥ്യമാക്കിയെങ്കിലും തുടർന്നുള്ള മേൽനോട്ടവും പരിപാലനവും അവതാളത്തിലായി. സുനാമി പോലുള്ള കടൽക്ഷോഭങ്ങളിൽ നിന്നും തീരത്തെ രക്ഷിക്കാൻ വനംവകുപ്പ് തീരത്ത് കണ്ടൽച്ചെടികളും മറ്റ് മരങ്ങളും വച്ചുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതി കാപ്പിൽ തീരത്ത് നടപ്പാക്കിയെങ്കിലും അതും പാളി.
കണ്ടലുകളാൽ സമൃദ്ധം
കടക്കണ്ടൽ, കുറ്റിക്കണ്ടൽ, സുന്ദരിക്കണ്ടൽ, വള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കടപ്പാല, പൂക്കണ്ടൽ, മച്ചിത്തോൽ, ഉപ്പട്ടി, കരിനാക്കി, കണ്ണുപൊട്ടി എന്നിങ്ങനെ വിവിധതരം കണ്ടലുകളാൽ സമൃദ്ധമായിരുന്നു കാപ്പിൽതീരം. ദേശാടനത്തിനായെത്തുന്ന കൊക്കുവർഗത്തിൽപ്പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. ഞണ്ട്,കക്ക,കരിമീൻ തുടങ്ങിയവയുടെ പ്രജനനകേന്ദ്രം കൂടിയാണ് കണ്ടൽശ്രേണികൾ.
സംരക്ഷണം ഉറപ്പാക്കണം
കടലോരത്തും കായലോരത്തും ചതുപ്പു പ്രദേശങ്ങളിലുമൊക്കെയായി വളർന്നിരുന്ന കണ്ടലുകളിപ്പോൾ കുറഞ്ഞുവരികയാണ്. വനംവകുപ്പിന്റെ രേഖകൾ പ്രകാരം സംസ്ഥാനത്തെ കണ്ടൽക്കാടുകളുടെ 70 ശതമാനത്തിലേറെയും സ്വകാര്യ ഉടമസ്ഥതയിലാണുള്ളത്. ജില്ലയിൽ 23 ഹെക്ടർ വിസ്തീർണത്തിലാണ് കണ്ടൽക്കാടുകളുള്ളത്. വനം പരിസ്ഥിതിനിയമങ്ങൾ ലംഘിച്ചാണ് കണ്ടൽച്ചെടികൾ പിഴുത് മാറ്റപ്പെടുന്നത്. മണ്ണിട്ട് നികത്തപ്പെടുന്നതോടെ കണ്ടൽ വളരുന്ന പ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ അപ്രത്യക്ഷമാവുന്നു. സർക്കാർ ഭൂമിയിലെ കണ്ടൽക്കാടിന് 50 മീറ്റർ ബഫർസോൺ നിർണയിക്കണമെന്ന തീരദേശ പരിപാലന അതോറിട്ടിയുടെ നിർദേശവും പ്രദേശത്ത് പാലിക്കപ്പെട്ടിട്ടില്ല. കടൽ കായൽ തീരങ്ങളിൽ നിന്നും വെറും അഞ്ച് മീറ്ററോളം ദൂരത്തിൽ നിരവധി അനധികൃത നിർമ്മാണങ്ങളിവിടെ നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |