കല്ലറ: മദ്യലഹരിയിൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രിയിലെ സാധന സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി 11.35ന് കല്ലറ, തറട്ടയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
കല്ലറ, കാട്ടുപ്പുറം സ്വദേശി അരുൺ (ഡെങ്കി, 24), ഇയാളുടെ സുഹൃത്ത് മുണ്ടോണിക്കര സ്വദേശി ശ്യാംനായർ (43) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തത്. തലയ്ക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ അരുൺ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിനെ തുടർന്ന് അസഭ്യം വിളിച്ചു. ഭീഷണിപ്പെടുത്തി.
തുടർന്ന് ഇയാളുടെ മുറിവിൽ ഡോക്ടറും നഴ്സുമാരും ചേർന്ന് മരുന്ന് വയ്ക്കുന്നതിനിടെ ശ്യാം റൂമിൽ അതിക്രമിച്ചുകയറി വീഡിയോ പകർത്തി. തടയാൻ ശ്രമിച്ചതോടെ അരുൺ ഇൻജക്ഷൻ മുറിയിൽ കയറി കത്രിക എടുത്ത് ഡോക്ടറെ കുത്താൻ ശ്രമിച്ചു. ആശുപത്രിയിലെ സാധനസാമഗ്രികൾ അടിച്ചു തകർത്തു.
ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാങ്ങോട് എസ്.എച്ച്.ഒ ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ.നായരും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |