വിഴിഞ്ഞം: അവധിക്കാലാഘോഷത്തിന് ഇനി അവധി. സ്കൂൾ അവധിക്കാലത്തിന്റെ അവസാന ഞായറാഴ്ചയായിരുന്ന ഇന്നലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, ആഴിമല തീരം, പൂവാർ തീരം എന്നിവിടങ്ങളിൽ വൻ തിരക്കായിരുന്നു. കഴിഞ്ഞ മൂന്നു ദിവസം നീണ്ടുനിന്ന കനത്ത മഴ ഇന്നലെ മാറി നിന്ന അവസ്ഥയുമായിരുന്നു. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ളവർ കോവള സന്ദർശനത്തിന് എത്തിയിരുന്നു.
വളരെചുരുക്കം വിദേശ വിനോദസഞ്ചാരികളാണ് കോവളത്തുള്ളത്. നിലവിൽ ഉത്തരേന്ത്യൻ സഞ്ചാരികളാണ് കൂടുതൽ. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നനഞ്ഞാണ് ആസ്വദിച്ചത്.
കടൽ കുളിക്ക് നിയന്ത്രണം
മഴയും ശക്തമായ തിരയും കാരണം കടൽ കുളിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ കൊച്ചി തീരത്തിനു സമീപം മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള ഒരു കണ്ടയ്നർ ഭാഗവും പ്ലാസ്റ്റിക് ഗ്രാന്യൂളുകളും കോവളം തീരത്ത് അടിഞ്ഞതിനാൽ ഇവിടെ ആരെയും കടലിൽ ഇറക്കുന്നില്ല. ദൂരെ നിന്നും കാഴ്ചകൾ കാണാനെത്തിയവർ നിരാശയോടെ മടങ്ങേണ്ടെന്നതിനാൽ ഇടക്കല്ല് ഭാഗത്ത് കയർ കെട്ടി കുറച്ച് ഭാഗത്ത് സഞ്ചാരികളെ ഇറക്കുന്നുണ്ട്. ഇവിടെ ലൈഫ് ഗാർഡുകൾ സുരക്ഷ ഒരുക്കിയാണ് കടൽ കുളിക്ക് ഇന്നലെ സന്ദർശകരെ ഇറക്കിയത്.
കപ്പൽ കാണാൻ തിരക്ക്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷൻ ചെയ്തതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ കപ്പൽ കാണാൻ വിഴിഞ്ഞത്തേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം മഴ ഉണ്ടായിരുന്നെങ്കിലും കപ്പലും കടലും കാണാൻ ഹാർബറിലെ ബൊള്ളാർഡ് പുൾ പരിശോധാ കേന്ദ്രത്തിനു സമീപം നല്ല തിരക്ക് അനുഭവപ്പെട്ടു. ഇവിടെ നിന്നാൽ തുറമുഖത്തെ കപ്പലിന്റെ വിശാല ദൃശ്യം കാണാം.
മറൈൻ അക്വാറിയം കാണാൻ ഈ അവധിക്കാലത്ത് നല്ല തിരക്കാണനുഭവപ്പെട്ടത്. തമിഴ്നാടിനെ കൂടാതെ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയാണ് ഇവിടെ സന്ദർശകരെത്തിയത്.
ആഴിമല തീരത്തും തിരക്ക്
ഏറ്റവും വലിയ ഗംഗാധരേശ്വര ശില്പം കാണാനും കടൽ തീരത്ത് ഇറങ്ങാനും ഇവിടെ നല്ല തിരക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |