തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിംഗ് റോഡ് (എൻ.എച്ച് 866) നിർമ്മാണം ഈ വർഷം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കേന്ദ്രത്തിന്റെ ഏറ്റവും ഒടുവിലെ ഉറപ്പനുസരിച്ച് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ആഗസ്റ്റിൽ പുറത്തിറങ്ങും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജൂലായ് അവസാനത്തോടെ പൂർത്തിയാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും തമ്മിൽ നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പ്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ ആഗസ്റ്റിൽ ഉത്തരവിറങ്ങും.ഔട്ടർറിംഗ് റോഡ് പദ്ധതി നിലവിൽ കേന്ദ്രസർക്കാരിനു കീഴിലെ പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ (പി.പി.പി.എ.സി) പരിഗണനയിലാണ്. പി.പി.പി.എ.സി കൂടി അംഗീകരിച്ച ശേഷമാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറുക. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങും. നിധിൻ ഗഡ്കരി അനുകൂല നിലപാട് എടുത്തതിനാൽ കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.
സർവീസ് റോഡ് നിർമ്മിക്കാനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു ദേശീയപാത അതോറിട്ടി പദ്ധതി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന ധാരണ. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം കാരണം 2023ൽ ദേശീയപാത അതോറിട്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരുന്നു.
തുടർന്ന് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ദേശീയപാത അതോറിട്ടിയുടെ ആവശ്യങ്ങൾ സംസ്ഥാനം അംഗീകരിച്ചെങ്കിലും തുടർനടപടികൾ വൈകി.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് 5,000 കോടി അനുവദിച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനത്തോടെ പദ്ധതിക്ക് പുതുജീവൻ കൈവരികയായിരുന്നു.
ഔട്ടർറിംഗ് റോഡ്
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ട് 2018ൽ തയ്യാറാക്കിയ പദ്ധതി
ഭൂവുടമകൾ ഹാപ്പി
ഉത്തരവിറങ്ങിയാൽ ഭൂമി വിട്ടുകൊടുത്ത് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്ന ഭൂവുടമകൾക്ക് ആശ്വാസമാകും. എന്നാൽ, പാതയുടെ നാവായിക്കുളം – തേക്കട ഭാഗത്തിന്(വടക്കൻ റിംഗ്) പരിസ്ഥിതി അനുമതി നൽകേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിട്ടി (എസ്.ഇ.ഐ.എ.എ) കാലാവധി കഴിഞ്ഞശേഷം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിന് 3 മാസമെങ്കിലും എടുക്കുമെന്നാണ് വിവരം.
പി.പി.പി.എ.സിയുടെ അംഗീകാരം ലഭിക്കാൻ പരിസ്ഥിതി അനുമതി നിർബന്ധമില്ല. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപ് അനുമതി ലഭിക്കണം.
ദേശീയപാത അതോറിട്ടിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭിച്ചാൽ, ഉടൻ ഔട്ടർ റിംഗ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികളിലേക്ക് കടക്കാനാകും.
പി.എ.മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |