ലാപ്ടോപ് വേഗത്തിൽ കേടാകും
തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ലാപ്‌ടോപ്പും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന പദ്ധതിയുടെ നിർവഹണത്തിൽ വ്യാപക അഴിമതിയെന്ന, വിജിലൻസ് കണ്ടെത്തലിനെതിരെ നഗരസഭ. വിജിലൻസിന്റെ അന്വേഷണവും കണ്ടെത്തലും തെറ്റാണെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
സർക്കാർ സ്കൂളുകൾക്ക് ലാപ്ടോപ് വാങ്ങി നൽകണമെന്ന സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളാണ് വാങ്ങി നൽകിയതെന്നാണ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. കുട്ടികൾ ലാപ്ടോപ് ഉപയോഗിക്കുമ്പോൾ കൂടുതൽ തകരാറുണ്ടാകുന്നു. ഡെസ്ക്ടോപ്പിൽ അത് കുറവാണ്.
അദ്ധ്യാപകരുൾപ്പെടെ ഈ നിർദ്ദേശം ഉന്നയിച്ചതുകൊണ്ടാണ് ലാപ്ടോപ്പിനു പകരം ഡെസ്ക്ടോപ് വാങ്ങിയത്. ഇതുസംബന്ധിക്കുന്ന ഫയൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൈവശമാണ്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പദ്ധതിക്ക് നഗരസഭ മുടക്കുന്നത് തുക മാത്രമാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ പക്കലുള്ള പദ്ധതിയുടെ ഫയലുകൾ നഗരസഭയിലെത്തി പരിശോധിച്ചത് എങ്ങനെയാണെന്നാണ് നഗരസഭ അധികൃതർ ചോദിക്കുന്നത്. പദ്ധതി പ്രകാരം യു.പി.എസുകൾ വിതരണം ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എഗ്രിമെന്റ് നടന്ന സമയത്ത് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതിരുന്നിട്ടും 92,973 രൂപ ജി.എസ്.ടി നൽകിയതുവഴി നഗരസഭയ്ക്ക് ഈ തുകയും നഷ്ടം സംഭവിച്ചതായി പരാതി ഉയർന്നിരുന്നു. എന്നാൽ സ്റ്റാർട്ടപ്പിൽ നിന്ന് ടെൻഡർ കൂടാതെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങാമെന്ന വ്യവസ്ഥയിലാണ് അത് വാങ്ങിയതെന്നായിരുന്നു നഗരസഭയുടെ വിശദീകരണം.2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ സ്കൂളുകളിൽ ലാപ് ടോപ്പും, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിനായി വികസന ഫണ്ടിൽ നിന്ന് 1,35,52,560 രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ പേരിലാണ് വിജിലൻസ് പരിശോധന നടത്തിയത്.ഇതിനെതിരെ നഗരസഭ നിയമപരമായി നീങ്ങുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |