വിഴിഞ്ഞം: ആഴക്കടലിൽ കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച രണ്ട് വള്ളങ്ങൾ അധികൃതർ പിടികൂടി. പുല്ലുവിള സ്വദേശികളായ ബഞ്ചമിൻ, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ 2,47,000രൂപയ്ക്ക് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടപ്പിച്ചു. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽപരിശോധന. രാത്രി അമിതവെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങളെ ഉൾപ്പെടെ പിടിച്ചെടുക്കുന്നു. പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ അജന്തകുമാരി .ആർ.എസ് വിഴിഞ്ഞം മത്സ്യഭവൻ ഓഫീസർ ദീപ.ജി,മറൈൻ എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ ബി.ദീപു,മറൈൻ എൻഫോഴ്‌സ്‌മെന്റ് സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ.എ,അജീഷ് കുമാർ.എം,അനന്തു.വി.എ,രാകേഷ്,ഷാബു,ലൈഫ് ഗാർഡുമാരായ ദിലീപ്,ഫ്രഡി,കൃഷ്ണൻ,മാർട്ടിൻ,റോബർട്ട് എന്നിവരടങ്ങുന്ന സംഘം വിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടികൂടിയത്.
പ്രതിഷേധം
മത്സ്യബന്ധന സീസണിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തി ലൈറ്റ് ഫിഷിംഗ് നടത്തുന്നതിനെതിരെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. സീസൺ കാലത്ത് എല്ലാ ദിവസവും അനധികൃത മത്സ്യബന്ധനം തടയുന്നതിന് നടപടി എടുക്കണമെന്ന് വിഴിഞ്ഞം ഇടവക അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |