മുടപുരം: കിഴുവിലം പഞ്ചായത്തിലെ മുടപുരം ആയുർവേദ ജംഗ്ഷനും പരിസരത്തും ദിവസവും പലതവണകളായി വൈദ്യുതി തടസപ്പെടുന്നത് നാട്ടുകാരെയും കച്ചവടക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.ഇടയ്ക്കിടെയുള്ള കറണ്ട് പോക്ക് വിദ്യാർത്ഥികൾ,വീട്ടമ്മമാർ എന്നിവരെയാണ് കൂടുതൽ ബാധിക്കുന്നത്.500ൽപ്പരം വീട്ടുകാർ ഈ ബുദ്ധിമുട്ട് വർഷങ്ങളായി അനുഭവിക്കുന്നതായി നാട്ടുകാർ അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ഗവ.ആയുർവേദ ആശുപത്രിക്കു സമീപം സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറിൽ നിന്നാണ് ഈ പ്രദേശത്ത് വൈദ്യുതി ലഭിക്കുന്നത്.100 കിലോ വാട്സിന്റെ ട്രാൻസ്ഫോർമറാണിത്.ഇതിന്റെ ശേഷിക്കുറവുമൂലം ഇവിടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കേണ്ടതുണ്ട്.എങ്കിലേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ അതിന് സ്ഥലം ലഭിക്കാത്തതിനാലാണ് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ കഴിയാത്തതെന്നാണ് അറിയുന്നത്. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർദ്ധിപ്പിക്കുകയോ വേണമെന്ന് നാട്ടുകാർ പറഞ്ഞു.അതിനുള്ള നടപടി അടിയന്തരമായി ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ഉൾപ്പെടെയുള്ള അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |