ആര്യനാട്: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാണിച്ച് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകി. ഉഴമലയ്ക്കൽ പനയ്ക്കോട് കുര്യാത്തി മോഹനവിലാസത്തിൽ ശശിധരൻ നായരുടെയും രമകുമാരിയുടെയും മകൾ അപർണയാണ് (24), ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9ന് ഭർതൃഗൃഹമായ തോളൂർ മേരിഗിരി മരിയാനഗറിൽ ഹൗസ് നമ്പർ 9ലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അക്ഷയ വിദേശത്ത് സൗണ്ട് എൻജിനിയറാണ്.
അക്ഷയുടെ സഹോദരിക്കൊപ്പമിരിക്കുമ്പോൾ,അക്ഷയുടെ വീഡിയോകാൾ വന്നതോടെ അപർണ ഫോണുമായി മുറിക്കകത്തേക്ക് പോവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതായപ്പോൾ സംശയം തോന്നിയ വീട്ടുകാർ വാതിൽചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അപർണയുടെ ബന്ധുക്കളെ വിവരമറിയിച്ചത് അക്ഷയുടെ സഹോദരിയാണ്.
'എല്ലാം അറിഞ്ഞുകൊണ്ട്,എന്നെ വിവാഹം ചെയ്തിട്ട് എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്...' എന്ന കുറിപ്പുകളടങ്ങിയ അപർണയുടെ ഡയറി പൊലീസ് കണ്ടെത്തിയതോടെയാണ് ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചത്.
കൂടാതെ അപർണ തൂങ്ങി നിൽക്കുന്നതിന് സമീപത്തെ കട്ടിലിൽ മൊബൈൽ ഫോൺ ചാരിവച്ച നിലയിലായിരുന്നു.ഇതോടെ ആത്മഹത്യയിൽ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇവർ പറയുന്നത്.ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |