വിതുര: കാട്ടാന ഭീതിയിൽ വീണ്ടും വിതുര പഞ്ചായത്തിലെ മണലി മേഖല. കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതിപരത്തിയ ഒറ്റയാൻ മണലി ആലുംമൂട് കളമൂട്ടുപാറ സ്വദേശിയും തൊഴിലുറപ്പ് തൊഴിലാളിയുമായ രാധയുടെ വീട് തകർത്തു. ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രാധ ഓടി രക്ഷപ്പെട്ടത്. മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന വീട് പൂർണമായും തകർത്തു. രാത്രിയിൽ മണിക്കൂറുകളോളം കാട്ടിൽ ഒളിച്ചിരുന്ന രാധ ആന കാട്ടിനുള്ളിലേക്ക് പോയശേഷം മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. നേരത്തെ പരിക്കേറ്റതിനെ തുടർന്ന് മണലിയിൽ ഇറങ്ങി ഭീതിപരത്തിയ ആനയെ വനപാലകർ മയക്കുവെടി ഉതിർത്ത് പിടികൂടി ചികിത്സ നൽകി കാട്ടിലേക്ക് മടക്കിയയച്ചിരുന്നു. മണലി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നും വളരെ പെട്ടെന്ന് കാട്ടാനയിറങ്ങുക പതിവാണ്. ഉപജീവനത്തിനായി നടത്തിയിരുന്ന പ്രദേശത്തെ കൃഷിമുഴുവൻ ഇതിനകം നശിപ്പിച്ചു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്.
കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങൾ
രണ്ടാഴ്ച മുൻപ് മണലി സ്വദേശി രാജേന്ദ്രൻനായരെ വീടിനു സമീപത്തുവച്ച് കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു, നേരത്തേ വനത്തിനുള്ളിലെ നദിയിൽ മീൻ പിടിക്കാൻ പോയ മണലി കൊമ്പ്രാംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ഡി.ശിവാനന്ദൻ കാണിക്ക് (46) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒറ്റയാൻ ജനവാസമേഖലയിലിറങ്ങി ഭീതിയും നാശവും വിതയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമാകുന്നു. വനത്തിലേക്ക് തുരത്തിവിട്ടാലും വീണ്ടുമെത്തുന്ന സ്ഥിതിയാണ്.നാട്ടുകാർക്ക് ഭീഷണിയായ ഒറ്റയാനെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
കാട്ടാനയ്ക്ക് പുറമെ കാട്ടുപോത്ത്
മണലിയിൽ ഇറങ്ങിയ ഒറ്റയാൻ രണ്ടാഴ്ച മുൻപ് തേവിയോട് കുണ്ടയം മേഖലയിൽ ഇറങ്ങി ഭീതിപരത്തിയിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് തുരത്തിവിട്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് പേപ്പാറ മേഖലയിലും കല്ലാർ മേഖലയിലും ഒറ്റയാനെത്തി. കാട്ടാനയ്ക്ക് പുറമെ കാട്ടുപോത്തും പുലിയും വരെ മണലിമേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നുണ്ട്. മുൻപ് പുലി ഇറങ്ങി ആടിനെ കൊന്നിരുന്നു.
ആനക്കിടങ്ങ് ആവിയായി
മണലി മേഖലയിലെ കാട്ടാനശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വനപാലകരുടെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. കാട്ടുമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് പടിക്കൽ അനവധിതവണ സമരം നടത്തിയെങ്കിലും ഫലമില്ല. മന്ത്രിക്കും, എം.പി.ക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്തുകൾക്കും നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |