വർക്കല: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കാരണം വർക്കലയിലെ പൊതുനിരത്തുകൾ കുറ്റകൃത്യങ്ങളുടെകൂടി ഇടമാകുന്നു.പരസ്യ മദ്യപാനവും അസഭ്യവർഷവും തമ്മിൽത്തല്ലും ഇവിടെ പലഭാഗത്തും കാണാം. വർക്കല ഡിവൈ.എസ്.പി ഓഫീസിനോടു ചേർന്നുള്ള ഭാഗത്തുപോലും ഇത്തരക്കാരെ കാണാൻ കഴിയും. പൊലീസിനെ ലവലേശം പേടിയില്ലാതെ സ്റ്റീരിയോ സ്‌പീക്കറുകളിൽ തട്ടുപൊളിപ്പൻ സിനിമാഗാനങ്ങളിട്ട് ഡാൻസ് കളിക്കുന്നവരും ഉണ്ട്.
മദ്യലഹരിയിയായതിനാൽ ചോദ്യം ചെയ്യപ്പെടില്ലെന്ന ധൈര്യത്തിലാണ് ഇവരുടെ ആഴിഞ്ഞാട്ടമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.നഗരസഭയുടെ അധീനതയിലുള്ള വഴിയിടത്തിന്റെ ഒരുഭാഗം മദ്യപാനകേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി.ഇവിടെയും ടൗണിന്റെ ഹൃദയഭാഗത്തും മദ്യപിച്ച് ലക്കുകെട്ട് നിലത്ത് കിടക്കുന്നവരെ മറികടന്നുവേണം പലപ്പോഴും കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ.ഇങ്ങനെ കിടക്കുന്നവർക്ക് ചിലപ്പോൾ വസ്ത്രംപോലും കാണാറില്ല. ജനങ്ങൾക്ക് ഉപദ്രവമാകുന്ന ഇത്തരം പ്രവൃത്തികൾ നിയന്ത്രിക്കുന്നതിനും തടയുന്നതിനും ആവശ്യമായ നടപടിയില്ലെന്നും ആക്ഷേപമുയരുന്നു. പരസ്യ മദ്യപാനവും തമ്മിൽത്തല്ലും പതിവായി പരാതികൾ ലഭിച്ചിട്ടും പൊലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
മദ്യപാനവും വില്പനയും നടപ്പാതയിൽ
വർക്കല മുനിസിപ്പൽ പാർക്കിന്റെ ഒരു ഭാഗത്തെ നടപ്പാത കൈയേറി കച്ചവടവുമുണ്ട്.ഇക്കൂട്ടരിൽ ചിലർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെയാണ് പരസ്യ മദ്യപാനം. വർക്കല പൊലീസ് സ്റ്റേഷനോടും ഡിവൈ.എസ്.പി ഓഫീസിനോടും ചേർന്ന് പ്രവർത്തിക്കുന്ന ടേക്ക് എ ബ്രെക്ക് കെട്ടിടത്തിന്റെ സൈഡിലും സ്ഥിതി ഇതുതന്നെ. പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മൃതദേഹങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനും മറ്റും ഇവരിൽ ചിലരുടെ സേവനം പൊലീസ് തേടാറുമുണ്ട്.അതുകൊണ്ടുതന്നെ ചെറിയ തോതിലുള്ള ഇവരുടെ വഴക്കുകളും ഇവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആദ്യകാലത്ത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിച്ചിരുന്നതായി ആരോപണമുണ്ട്.ഇപ്പോൾ ഈ നടപ്പാത ഇവരുടെ അവകാശമായി മാറിയിരിക്കുകയാണ്.
സംരക്ഷണം വേണം
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് വേദിയാകുന്ന മൈതാനത്തെ മുനിസിപ്പൽ പാർക്ക് വെളിച്ചമില്ലാതെ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറി. ആവശ്യത്തിന് സംരക്ഷണമില്ലാതെ പാർക്ക് തകർച്ചയിലാണ്. പാർക്കിന് ആവശ്യമായ നവീകരണം നടത്തി സംരക്ഷിക്കണമെന്നാണ് പൊതു ആവശ്യം.
പരസ്യ മദ്യപാനത്തിനെതിരെ പൊലീസും എക്സൈസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.അടിസ്ഥാനസൗകര്യം ഒരുക്കാത്തതും സംരക്ഷണ നടപടികൾ സ്വീകരിക്കാത്തതും അധികൃതരുടെ അനാസ്ഥയാണ്.
ആർ.സുലോചനൻ, പ്രസിഡന്റ്
നേതാജി റസിഡന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |