പാലോട്: ചെങ്കോട്ട-തിരുവനന്തപുരം ഹൈവേയിൽ പാലോട്ട് കണ്ണായ ഭാഗത്ത് മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജും അധികൃതർ കൈയൊഴിഞ്ഞ അവസ്ഥയിൽ. പുതിയ ബസ് സ്റ്റാൻഡിന് കുശവൂർ ജംഗ്‌ഷനിൽ സൗകര്യം ഒരുക്കിയതോടെയാണ് പഴയ സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ടത്.
നന്ദിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്. വാമനപുരം നദിയുടെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് സൈഡ് വാൾ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണ്. കതകും ജനലുമുൾപ്പ ടെ തടിയുരുപ്പടികൾ മോഷ്ടിക്കപ്പെട്ടു.എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഗാരേജ്.
ഓപ്പറേറ്ററിംഗ് സെന്റർ നിലനിറുത്തിയില്ല
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ച നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന് ഭൂമി വാങ്ങി നൽകിയത്.കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയതും സൈഡ് വാൾ നിർമ്മിച്ചതും അദ്ദേഹമാണ്.ഡിപ്പോ ഇവിടെ നിന്ന് മാറ്റുന്നതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നതിനാൽ ഡിപ്പോയുടെ ഒരു ഭാഗം ഇവിടെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് നന്ദിയോട് പഞ്ചായത്ത് കോടതിയിൽ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ് മാറ്റുന്നത് കോടതി തടയുമെന്ന ഘട്ടത്തിൽ ഓപ്പറേറ്ററിംഗ് സെന്റർ നിലനിറുത്തുമെന്ന് കെ.എസ്.ആർ.ടി.സിയുടെ അന്നത്തെ എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
അനധികൃത പാർക്കിംഗ് കേന്ദ്രം
കാടും പടർപ്പും കയറിയ ബസ് സ്റ്റാൻഡ് പരിസരം അനധികൃത വാഹന പാർക്കിംഗ് കേന്ദ്രമാണിപ്പോൾ. അന്തർ സംസ്ഥാന ചരക്ക് ലോറികളുൾപ്പെടെയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും രൂക്ഷമാണ്.
ഇനി ചെയ്യാൻ കഴിയുന്നത്
പാലോട്ടെ പഴയ കെ.എസ്.ആർ.ടി.സി കെട്ടിടവും സ്ഥലവും കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രമാക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ മലയോര മേഖലയിലുള്ള സാധാരണക്കാർക്ക് പ്രയോജനപ്രദമാകും. ഏകദേശം മൂന്നേക്കറോളം സ്ഥലമാണ് ഇവിടെയുള്ളത്. ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ തയ്യാറായാൽ നാടിന്റെ മുഖച്ഛായ മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |