വക്കം: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കടയ്ക്കാവൂരിലെ പഞ്ചായത്ത് ആയുർവേദാശുപത്രി കെട്ടിടം നാശത്തിന്റെ വക്കിൽ. ഇവിടെയെത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാനായി നിർമ്മിച്ച കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ആവശ്യമായ വഴി സൗകര്യമില്ലാത്തതാണ് കെട്ടിടം ഉപയോഗശൂന്യമാകാൻ കാരണം. കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിനു സമീപം അഞ്ഞൂറ് മീറ്റർ ഉള്ളിലായി പഴയ ആശുപത്രി കെട്ടിടത്തിന് സമീപത്തായിട്ടാണ് പുതിയ കെട്ടിടവും നിർമ്മിച്ചത്. ഇവിടെ കെട്ടിടത്തിലെത്താനുള്ള വഴി സൗകര്യം കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ്.
എസ്.സി വിഭാഗത്തിലെ ഭൂരഹിതർക്കായി പഞ്ചായത്ത് വാങ്ങിയ 40 സെന്റ് സ്ഥലത്തുനിന്ന് 10 സെന്റിലായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് 5 വർഷമായി. നിലവിലെ അവസ്ഥയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തെ ആശ്രയിച്ചുവേണം ആശുപത്രിക്കെട്ടിടത്തിലെത്താൻ.
കെട്ടിടത്തിന് പിറകുവശത്തെ ഓടയ്ക്ക് കുറുകെ സ്ലാബ് നിരത്തി താത്കാലിക വഴിയൊരുക്കാനുള്ള പഞ്ചായത്തിന്റെ ശ്രമവും വിജയിച്ചില്ല.
പരിഹാരമായി പുതിയ കെട്ടിടം
രോഗികളുടെ എണ്ണം കൂടിയതും കിടത്തി ചികിത്സയ്ക്കുള്ള അസൗകര്യവും മഴക്കാലത്ത് സെപ്റ്റിക്ക് ടാങ്കുകളുടെ പ്രശ്നവും ജീവനക്കാരുടെ കുറവുമൊക്കെയാണ് പുതിയ കെട്ടിടം നിർമ്മിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഇതിനായി ഭൂരഹിതർക്കായുള്ള പഞ്ചായത്ത് ഭൂമിയിൽ തീരദേശ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവാക്കിയാണ് 20 കിടക്കയും, ഓട്ടിസം ബാധിച്ചവർക്കുള്ള പ്രത്യേക ചികിത്സാവാർഡും ലാബും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചത്. പണി കഴിഞ്ഞ് ഉദ്ഘാടനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന് വൈദ്യുതിയോ വെള്ളത്തിനു വേണ്ടിയുള്ള കണക്ഷനോ ലഭിച്ചിട്ടില്ല.
പ്രവർത്തനസജ്ജമാക്കണം
നിലവിൽ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ചതുപ്പ് ഭൂമി നികത്തി നിർമിച്ചിച്ച കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും ബലക്ഷയമുണ്ട്. മഴക്കാലമായാൽ ഇവിടം വെള്ളക്കെട്ടും ചെളിയുമായി കാൽനടപോലും ദുഷ്കരമാകും. വഴി സൗകര്യമൊരുക്കി ആശുപത്രി എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |