കല്ലറ: ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ മഴവെള്ളത്തിലായി. മഴ പൂർണമായി പ്രയോജനപ്പെടുത്തി കൃഷിയിറക്കേണ്ടിയിരുന്ന സമയമായിരുന്നെങ്കിലും നേരത്തെയെത്തിയ കാലവർഷവും ശക്തമായ കാറ്റും പ്രതീക്ഷകൾ തെറ്റിച്ചു.പാവൽ,പടവലം,പയർ തുടങ്ങി പന്തൽക്കൃഷികൾക്കായി വിത്ത് പാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വിത്തഴുകി.ശേഷിച്ച തൈകൾ പാകപ്പെടുത്തി നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കർഷകരിപ്പോൾ.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എട്ട് പഞ്ചായത്തുകളിലായിട്ടാണ് പച്ചക്കറി ഉത്പാദനം. ഉയർന്ന പരിപാലനച്ചെലവ് കീടബാധ,വിലയിടിവ് എന്നിവ കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം നേരിടുമ്പോഴാണ് കനത്ത മഴയും തിരിച്ചടിയാകുന്നത്. ഓണക്കാലമാകുമ്പോൾ മറുനാടന്റെ വരവ് വിലയിടിവിനും കാരണമാകും.വളർച്ചക്കുറവ്, ചീയൽ രോഗം എന്നിവയും ബാധിച്ചിട്ടുണ്ട്.
കർഷകന് പറയാനുള്ളത്
കാലാവസ്ഥാവ്യതിയാനം, വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധന,കൂലിവർദ്ധന, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങി കർഷകർ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. കാറ്റിൽ നേന്ത്രവാഴ കർഷകർക്കാണ് കൂടുതൽ നഷ്ടം. കുലച്ചുതുടങ്ങിയ വാഴകളാണ് കാറ്റിൽ നശിച്ചത്. ഇതോടെ ഓണത്തിന് ഉപ്പേരിക്ക് വരവ് കുലകളെ ആശ്രയിക്കണം.
വെല്ലുവിളി
അതിശക്ത മഴ, അപ്രതീക്ഷിതമായ കാറ്റ്
മഴവെള്ളം ആഴ്ചകളായി കെട്ടിക്കിടക്കുന്നു
ഇത് വിളകൾ ചീയാൻ ഇടയാക്കുന്നു
സെപ്തംബർ ആദ്യവാരമാണ് ഓണം. ഇതിനു മുൻപ് പച്ചക്കറി, വാഴക്കുല വിളവെടുപ്പിന് പാകമാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |