കോഴിക്കോട്: കോഴിക്കോട് മായനാട് താമസിക്കുന്ന വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഹേമചന്ദ്രന്റെ മൊബൈൽ ഫോണുകൾ കണ്ടെത്തി പൊലീസ്. പ്രതി ബി.എസ്. അജേഷിനെയും കൊണ്ട് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ മെെസൂരിൽ നടത്തിയ തെളിവെടുപ്പിലാണ് ലളിത സാന്ദ്രപുരിയിൽ നിന്ന് രണ്ട് ഫോണുകളും കണ്ടെത്തിയത്. മലഞ്ചെരുവിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഫോണുകൾക്ക് കാര്യമായ കുഴപ്പമില്ല. ഇവ ഫോറൻസിക് പരിശോധനയ്ക്കയക്കും.
സൗദിയിലേക്ക് മുങ്ങിയ ഒന്നാംപ്രതി നൗഷാദിനെ ഉടൻ കോഴിക്കോട്ടെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന രണ്ട് യുവതികളെയും ഉടൻ പിടികൂടും. ഇതിൽ കണ്ണൂർ സ്വദേശി ദുബായിൽ ഹോം നഴ്സാണ്. മറ്റൊരു യുവതി ഗുണ്ടൽപേട്ട സ്വദേശിയാണ്. ഇവരെ ഉപയോഗിച്ചാണ് നൗഷാദ് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത്. ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വയനാട്ടിൽ പലരുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതോടെയാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് താമസം മാറിയതെന്നാണ് സൂചന. തുടർന്നാണ് ഹേമചന്ദ്രനെ വയനാട്ടിലെത്തിക്കാൻ മുഖ്യപ്രതി നൗഷാദ് പദ്ധതിയൊരുക്കിയത്. കൊലപാതകത്തിന് ശേഷം ഫോൺ ഗുണ്ടൽപേട്ടിലെത്തിച്ച് സ്വിച്ച് ഓഫ് ചെയ്തു. ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി.
എന്നാൽ ഹേമചന്ദ്രന്റെ ഫോണിൽ നിന്ന് മകൾക്ക് വന്ന ഫോൺ കാളാണ് വഴിത്തിരിവായത്. ഫോണിലെ ശബ്ദ വ്യത്യാസത്തിൽ മകൾക്ക് സംശയം തോന്നി, വിവരം പൊലീസിനെ അറിയിച്ചു. നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തമിഴ് നാട് ചേരമ്പാടി വനമേഖലയിൽ നിന്നും കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |