പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചി നിവാസികളുടെ അൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമമായിരുന്നു ചെല്ലഞ്ചിപാലം. എന്നാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പാലത്തിന്റെ പരിസരത്തുകൂടി പോകാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ രണ്ടുദിവസം മുൻപ് പനവൂരിൽ നിന്നെത്തിയ യുവാക്കളുടെ സംഘവും പരപ്പിൽ നിന്നെത്തിയ ഒരു സംഘവും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
കഞ്ചാവും ലഹരി വസ്തുക്കളും ഇവിടെ സുലഭമാണ്. മറ്റു പ്രദേശങ്ങളിൽ നിന്നെത്തുന്നവർ മദ്യപിച്ച കുപ്പികൾ എറിഞ്ഞുടയ്ക്കുന്നത് നിരവധി കുടുംബങ്ങൾ പ്രാഥമികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെല്ലഞ്ചി നദിയിലാണ്. കുപ്പിച്ചിലുകളിൽ ചവിട്ടി അപകടമുണ്ടായി ചികിത്സയിലുള്ളവരും നിരവധിയാണ്.
മോഷണവും പതിവ്
മോഷണവും ഇവിടുത്തെ സ്ഥിരം സംഭവമാണ്. ഉണക്കാൻ വീട്ടുമുറ്റത്ത് ഇട്ടിരുന്ന റബർഷീറ്റുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നത് പതിവാണ്. മദ്യപിച്ചെത്തുന്ന യുവാക്കൾ ബൈക്ക് റേസിംഗിനിടെ അപകടത്തിൽ പെടുന്നുമുണ്ട്. പാലത്തിന്റെ അടിഭാഗത്ത് ഇരുന്ന് മദ്യപിച്ച ശേഷം പന്തയം വച്ചാണ് ബൈക്ക് റേസിംഗ് നടത്തുന്നത്. പാലത്തിന്റെ ഒരു ഭാഗം പാലോട് പൊലീസിന്റെ അതിർത്തിയും ഒരുഭാഗം പാങ്ങോട് പൊലീസിന്റെ അതിർത്തിയുമാണ്. ഇതുകൊണ്ട് പരാതി നൽകിയാലും പെട്ടെന്ന് നടപടിയുണ്ടാകാറില്ല.പാലത്തിനോടു ചേർന്ന് സ്ട്രീറ്റ് ലൈറ്റോ, മിനി മാസ്റ്റ് ലൈറ്റോ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
നടപടിയെടുക്കാതെ അധികൃതർ
ആറ്റിൽ നിന്നും 150അടിയോളം ഉയരത്തിലുള്ള പാലത്തിലെ ചെറുകൈവരികളിലൂടെ നടക്കും, കുടുംബസമേതം സായാഹ്നക്കാഴ്ചകൾ കാണാനെത്തുന്ന ആളുകളെ അസഭ്യം പറയും, നാട്ടുകാർ ആരെങ്കിലും ഇടപെട്ടാൽ അവരെ മർദ്ദിക്കും ഇതെല്ലാം ചെല്ലഞ്ചിയിൽ പതിവായിരിക്കുകയാണ്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |