പോത്തൻകോട്: ടെലികമ്മ്യൂണിക്കേഷൻ സർക്കിൾ ഇൻസ്പെക്ടർ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം.പെട്ടെന്ന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നവും കുടുംബത്തിലോ നാട്ടിലോ ഇല്ലായിരുന്നു. ജോലിസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതായും അത് പലപ്പോഴും വീട്ടുകാരുമായി പങ്കുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
കൂടാതെ രാവിലെ പോയ സിവിൽ ഡ്രസിൽ തന്നെയാണ് ആത്മഹത്യ ചെയ്തത്.എന്നാൽ മൃതദേഹത്തിന് സമീപം പൊട്ടിച്ചെടുത്ത നിലയിൽ കാക്കിയുടെ ബട്ടണുകൾ കണ്ടിരുന്നു. വീട്ടിൽ ഇൻക്വസ്റ്റ് നടപടികളിൽ വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ബന്ധുക്കളെയും മാറ്റിനിറുത്തിയതായും അവർ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് കാര്യവട്ടം - ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേൽ ഹൗസിൽ ജെയ്സൺ അലക്സിനെ (48) വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുകളിലെ സിറ്റി ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഓഫീസിൽ പോകാനായി വെള്ളിയാഴ്ച പുലർച്ചെ 5നാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്.കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായാണ് അതിരാവിലെ ഡ്യൂട്ടിക്കെത്തിയത്.
എന്നാൽ രാവിലെ 10ഓടെ വീട്ടിൽ മടങ്ങിയെത്തിയാണ് ജീവനൊടുക്കിയത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ഭാര്യ ജോലിക്കും മക്കൾ സ്കൂളിലും പോയിരുന്നു.11ഓടെ ജെയ്സനെ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് മരിച്ചനിലയിൽ ഇയാളെ കണ്ടെത്തിയത്.
കുണ്ടറ സ്വദേശമായിരുന്ന കുടുംബം രണ്ട് വർഷം മുൻപാണ് പുല്ലാന്നിവിളയിൽ വീടുവച്ച് താമസമാക്കുന്നത്. പുതുക്കുറിച്ചി ഔവർലേഡി ഒഫ് മേഴ്സി സ്കൂളിലെ അദ്ധ്യാപികയാണ് ജെയ്സന്റെ ഭാര്യ പ്രീജ. പോങ്ങുംമൂട് മേരിമാതാ സ്കൂളിൽ പഠിക്കുന്ന ആമി,ആൻസി എന്നിവർ മക്കളാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ജെയ്സന്റെ സഹോദരങ്ങൾ എത്തിയശേഷം തിങ്കളാഴ്ച കുണ്ടറയിൽ സംസ്കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
എന്തുവന്നാലും, പഴിയും
പണിയും കീഴ് ഉദ്യോഗസ്ഥർക്ക്
അടുത്തക്കാലത്ത് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന് ആധുനിക വയർലെസ് സംവിധാനം ഒരുക്കാനായി 8 കോടിയുടെ പ്രോജക്ട് നടപ്പാക്കിയിരുന്നു. മോട്ടറോള കമ്പനിയുടെ ആധുനിക വയർലെസ് സംവിധാനം ഒരുക്കാനായിരുന്നു പദ്ധതി.കമ്മീഷണർ,ഡി.സി.പി,കന്റോൺമെന്റ് ഡിവൈ.എസ്.പി,ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്.പി,ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ എന്നിവരടങ്ങിയ സമിതിയാണ് പർച്ചേസിന് അനുമതി നൽകുന്നത്. എന്നാൽ പർച്ചേസ് അനുസരിച്ചുള്ള സാധനങ്ങളെത്തി,അതത് സ്ഥലങ്ങളിലും വാഹനങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞ് അവയുടെ പ്രവർത്തനമികവ് കണക്കാക്കിയാണ് കമ്പനിക്ക് തുക കൈമാറുന്നത്.
പ്രവർത്തനക്ഷമത പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് ടെലികമ്മ്യൂണിക്കേഷൻ സിറ്റി വിഭാഗം മേധാവി കൂടിയായ ജെയ്സണായിരുന്നു. എന്നാൽ വാങ്ങിയ വയർലെസ് സംവിധാനത്തിൽ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് ആദ്യഘട്ടത്തിൽ 3 കോടിയുടെ റിപ്പോർട്ട് നൽകിയെങ്കിലും കമ്പനിക്ക് കൊടുക്കേണ്ട അവശേഷിക്കുന്ന 6 കോടിയുടെ പെർഫോമൻസ് റിപ്പോർട്ട് ജെയ്സൺ നൽകിയില്ല. ഇത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പല ഭീഷണികളും ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.
പരാതി
പുതിയ വയർലെസ് സിസ്റ്റത്തിൽ,പൊലീസ് ഉദ്യോഗസ്ഥരുടെ സംസാരം വ്യക്തമല്ലെന്നും കാര്യക്ഷമതയില്ലെന്നും സേനയ്ക്കിടയിൽ പരാതിയുണ്ടായിരുന്നു. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന് പലപ്പോഴും ഇതു സംബന്ധിച്ച് പഴി കേൾക്കേണ്ടി വന്നിരുന്നു. ജെയ്സണെയാണ് പല ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് വഴക്ക് പറയുന്നതെന്നും പരാതിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |